MLSൽ ഏറ്റവും കൂടുതൽ സാലറി മെസ്സിക്ക് തന്നെ, കൈപ്പറ്റുന്നത് 25 ക്ലബ്ബുകൾ ആകെ നൽകുന്നതിനേക്കാൾ കൂടുതൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി സ്വന്തമാക്കിയത്. മെസ്സിയുടെ വരവോടുകൂടി വലിയ വളർച്ചയാണ് എല്ലാ നിലയിലും ഇന്റർമയാമിക്ക് ഉണ്ടായത്. കളത്തിന് പുറത്തും കളത്തിനകത്തും ഇന്റർമയാമി ഒരുപാട് വികസിച്ചു. മെസ്സി വന്നതോടുകൂടി കൂടുതൽ ആരാധകരെ ആകർഷിക്കാൻ എംഎൽഎസിനും സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മെസ്സിയുടെ സാലറിയുടെ കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.MLS പ്ലെയേഴ്സ് അസോസിയേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. അമേരിക്കൻ ലീഗിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം ലയണൽ മെസ്സിയാണ്.20.45 മില്യൺ ഡോളറാണ് മെസ്സിയുടെ സാലറി. ഇതിന് പുറമേ ഷെയറുകളിലൂടെ മറ്റു വരുമാനങ്ങളും ലയണൽ മെസ്സിക്കുണ്ട്.സാലറി വാങ്ങുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ടൊറെന്റോ എഫ്സിയുടെ ലോറെൻസോ ഇൻസൈനാണ്. 15.44 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സാലറി. മൂന്നാം സ്ഥാനത്ത് മെസ്സിയുടെ സഹതാരമായ ബുസ്ക്കെറ്റ്സ് വരുന്നു.8.77 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സാലറി വരുന്നത്.

അമേരിക്കൻ ലീഗിൽ ഏറ്റവും കൂടുതൽ സാലറി നൽകുന്ന ക്ലബ്ബ് ഇന്റർമയാമി തന്നെയാണ്. 41.68 മില്യൺ ഡോളറാണ് ആകെ ഇന്റർമയാമി സാലറിയായി കൊണ്ട് താരങ്ങൾക്ക് നൽകുന്നത്. രണ്ടാം സ്ഥാനത്ത് വരുന്നത് ടൊറെന്റോ എഫ്സിയാണ്.31.41 മില്യൺ ഡോളറാണ് അവരുടെ ആകെ സാലറിയുടെ തുക. മൂന്നാം സ്ഥാനത്ത് ഷിക്കാഗോ ഫയറും നാലാം സ്ഥാനത്ത് നാഷ് വില്ലെ എസ്സിയും വരുന്നു. അഞ്ചാം സ്ഥാനത്ത് വരുന്ന സിൻസിനാറ്റി ആകെ 18.71 മില്യൺ ഡോളറാണ് താരങ്ങൾക്ക് ആകെ സാലറിയായി കൊണ്ട് നൽകുന്നത്. അതായത് ഈ ക്ലബ്ബിന്റെ ആകെ സാലറിയേക്കാൾ കൂടുതൽ സാലറി മെസ്സി ഒറ്റയ്ക്ക് ഇന്റർമയാമിയിൽ നിന്നും കൈപ്പറ്റുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.

അഞ്ചാം സ്ഥാനം മുതൽ 29ആം സ്ഥാനം വരെയുള്ള എല്ലാ ക്ലബ്ബുകളും മെസ്സിയെക്കാൾ കുറവ് സാലറിയാണ് തങ്ങളുടെ താരങ്ങൾക്ക് ആകെ നൽകുന്നത്. അതായത് അമേരിക്കൻ ലീഗിലെ 25 ക്ലബ്ബുകളുടെ ആകെ സാലറിയെക്കാൾ വരും ലയണൽ മെസ്സിയുടെ മാത്രം സാലറി. അതിനനുസരിച്ചുള്ള വരുമാനം ഇന്റർമയാമിക്ക് നൽകാനും ലയണൽ മെസ്സി എന്ന സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *