വെറുപ്പുളവാക്കുന്ന നുണകൾ,മെസ്സി ഒരിക്കലും ഹോങ്കോങ്ങില്‍ ഇനി കാലുകുത്തരുത്:ലോമേക്കർ
സൂപ്പർ താരം ലയണൽ മെസ്സി ഹോങ്കോങ്ങ് ടീമിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.പരിക്ക് മൂലമായിരുന്നു മെസ്സി കളിക്കാതിരുന്നത്. എന്നാൽ മെസ്സിയുടെ പ്രകടനം വീക്ഷിക്കാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്തവരായിരുന്നു ഭൂരിഭാഗം ആരാധകരും. അവർ എല്ലാവരും നിരാശപ്പെട്ടുകൊണ്ടാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ ഹോങ്കോങ്ങിൽ വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തു.
ഹോങ്കോങ്ങ് ഗവൺമെന്റ് പോലും ഇക്കാര്യത്തിൽ ഇടപെടുകയും ഓർഗനൈസേഴ്സിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ ഇന്റർ മയാമിയെ പഴിചാരി കൊണ്ട് ഓർഗനൈസേഴ്സ് രക്ഷപ്പെടുകയാണ് ചെയ്തത്. ഏതായാലും ലയണൽ മെസ്സിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഹോങ്കോങ് ലോമേക്കറായ റെഗിന ഐപി രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായത് വെറുപ്പുളവാക്കുന്ന നുണകളാണെന്നും ഇനി ഒരിക്കലും മെസ്സി ഹോങ്കോങ്ങിൽ കാലുകുത്തരുത് എന്നതാണ് ഇവർ പറഞ്ഞിട്ടുള്ളത്.ലോമേക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi reveals why he didn't play in Hong Kong. 🇭🇰🗣️
— CentreGoals. (@centregoals) February 7, 2024
pic.twitter.com/BMVvRvy9jE
” ഹോങ്കോങ്ങിലെ ജനങ്ങൾ ഇപ്പോൾ ലയണൽ മെസ്സിയെ വെറുക്കുന്നു.ഇന്റർ മയാമിയെ വെറുക്കുന്നു. മനപ്പൂർവമാണ് അവർ ഈ തട്ടിപ്പ് ഇവിടെ നടത്തിയിട്ടുള്ളത്. അതിനു പിന്നിൽ മെസ്സിയുടെയും മയാമിയുടെയും കറുത്ത കരങ്ങൾ ഉണ്ട്. മെസ്സി ഇനി ഒരിക്കലും ഹോങ്കോങ്ങിൽ കാലുകുത്തരുത്.അതിന് അനുവദിക്കരുത്. വെറുപ്പുളവാക്കുന്ന നുണകളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് ” ഇതാണ് ഹോങ്കോങ്ങിലെ ലോ മേക്കർ പറഞ്ഞിട്ടുള്ളത്.
അതിനുശേഷം ജപ്പാനിൽ വച്ച് നടന്ന സൗഹൃദ മത്സരത്തിൽ കുറച്ചുനേരം മെസ്സി കളിച്ചിരുന്നു. പരിക്ക് മൂലമാണ് താൻ കളിക്കാതിരുന്നത് എന്ന് ലയണൽ മെസ്സി തന്നെ പ്രസ് കോൺഫറൻസിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ മെസ്സിയെ വെച്ച് പരസ്യം ചെയ്ത് ആളുകളെ വരുത്തിയതിനു ശേഷം മെസ്സിയുടെ പ്രകടനം ഒരു മിനുട്ട് പോലും കാണാൻ കഴിയാത്തത് വലിയ തട്ടിപ്പ് തന്നെയാണ് എന്നാണ് ആരാധകർ ആരോപിച്ചിരിക്കുന്നത്.