വീണ്ടും ഇന്റർമയാമി..! മറ്റൊരു അർജന്റൈൻ താരത്തെക്കൂടി സ്വന്തമാക്കി!
സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്ത് പ്രശസ്തി പിടിച്ചുപറ്റിയ ക്ലബ്ബാണ് ഇന്റർമയാമി. ഇതോടുകൂടി അമേരിക്കൻ ഫുട്ബോളിന് തന്നെ വലിയ വിസിബിലിറ്റി ലഭിക്കുകയായിരുന്നു.മെസ്സി വന്നതിന് പിന്നാലെ ഒരുപാട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. കൂടാതെ അർജന്റീനയിൽ നിന്നും ഒരുപാട് യുവ പ്രതിഭകൾ ഇന്റർമയാമിയിൽ എത്തുകയും ചെയ്തിരുന്നു.
നിലവിൽ ഒരുപാട് അർജന്റീന താരങ്ങൾ ഇന്റർമയാമിയുടെ ഭാഗമാണ്.ഫകുണ്ടോ ഫാരിയാസ്,തോമസ് അവിയെസ്,ബെഞ്ചമിൻ ക്രമാഷി,മാർസെലോ വെയ്ഗാന്റ് എന്നിവരൊക്കെ അർജന്റീനക്കാരാണ്. ഇതിനുപുറമേ മറ്റൊരു അർജന്റൈൻ താരത്തെക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്റർമയാമി.അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നും ഹെക്ടർ ഡേവിഡ് മാർട്ടിനസ് എന്ന താരത്തെയാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നു കഴിഞ്ഞു. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഡേവിഡ് ഇന്റർമയാമിയിൽ എത്തിയിട്ടുള്ളത്.
സെന്റർ ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്.നിലവിൽ വേണ്ടത്ര അവസരങ്ങൾ റിവർ പ്ലേറ്റിൽ താരത്തിന് ലഭിക്കുന്നില്ല. ഇതോടുകൂടിയാണ് ഡേവിഡ് ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു വർഷത്തെ ലോൺ കാലാവധിക്ക് ശേഷം അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ക്ലബ്ബിന് ലഭ്യമാണ്. 3 മില്യൻ ഡോളറായിരിക്കും അതിന് വേണ്ടി ചിലവഴിക്കേണ്ടി വരിക. ക്ലബ്ബിനുവേണ്ടി ആകെ 77 മത്സരങ്ങൾ കളിച്ച രണ്ട് ഗോളുകൾ നേടിക്കൊണ്ടാണ് ഈ പ്രതിരോധനിര താരം റിവർ പ്ലേറ്റ് വിടുന്നത്.
ഇന്റർമയാമി മെസ്സിയുടെ അഭാവത്തിലും മികച്ച പ്രകടനം സമീപകാലത്ത് നടത്തിയിരുന്നു.നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അവർ ഉള്ളത്. 23 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് അവർക്കുള്ളത്. 48 പോയിന്റുള്ള സിൻസിനാറ്റിയാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. പരിക്കിന്റെ പിടിയിൽ ആയതുകൊണ്ട് തന്നെ മെസ്സി ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ വൈകും എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു.