ലയണൽ മെസ്സി മിയാമിയിലെത്തി, പ്രസന്റേഷൻ ഉടൻ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർതാരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയെ തിരഞ്ഞെടുത്തത്. എഫ്സി ബാഴ്സലോണ, അൽ ഹിലാൽ എന്നിവരുടെ ഓഫറുകൾ നിരസിച്ചു കൊണ്ടാണ് മെസ്സി മിയാമിയെ തിരഞ്ഞെടുത്തത്. മെസ്സി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ തന്റെ വെക്കേഷൻ അവസാനിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി മിയാമിയിൽ എത്തിയിട്ടുണ്ട്.
ഇന്നലെയാണ് മെസ്സി മിയാമിയിൽ ലാൻഡ് ചെയ്തത്.ഫോർട്ട് ലോഡർഡെയിൽ എയർപോർട്ടിലാണ് ലയണൽ മെസ്സിയും കുടുംബവും ഇറങ്ങിയിട്ടുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്. ഉടൻതന്നെ മെസ്സി ഇന്റർ മിയാമിയുമായി ഒരു ഒഫീഷ്യൽ കോൺട്രാക്ടിൽ സൈൻ ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.
LIONEL MESSI HAS ARRIVED IN SOUTH FLORIDA TO MAKE HIS INTER MIAMI MOVE OFFICIAL ☀️
— ESPN FC (@ESPNFC) July 11, 2023
(via @SC_ESPN) pic.twitter.com/lgpKN3XeGN
2025 വരെയുള്ള ഒരു കോൺട്രാക്ടിലായിരിക്കും ലയണൽ മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പ്രസന്റേഷൻ എന്നായിരിക്കും എന്നുള്ളതും ഇപ്പോൾ ഇന്റർ മിയാമി സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന പതിനാറാം തീയതി ലയണൽ മെസ്സിയെ അവതരിപ്പിക്കും എന്നാണ് ഒഫീഷ്യലായിക്കൊണ്ട് ഇന്റർമിയാമി അറിയിച്ചിട്ടുള്ളത്.പക്ഷേ മെസ്സിയുടെ പേര് അവർ പരാമർശിച്ചിട്ടില്ല. അതിനുശേഷം ഇരുപത്തിരണ്ടാം തീയതി ലീഗ്സ് കപ്പിൽ ക്രൂസ് അസൂളിനെതിരെ ഒരു മത്സരം മിയാമി കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ലയണൽ മെസ്സി അരങ്ങേറ്റം നടത്തിയേക്കും.
ആ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും ഇപ്പോൾ വിറ്റ് തീർന്നിട്ടുണ്ട്. അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടില്ല എന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്.ടാറ്റ മാർട്ടിനോസും ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സുമൊക്കെ ഒരുമിക്കുമ്പോൾ ഇതിന് ഒരു പരിഹാരം ഉണ്ടാവുമെന്നാണ് ആരാധക പ്രതീക്ഷകൾ.