ലയണൽ മെസ്സിക്ക് കൂട്ടായി അർജന്റൈൻ യുവ പ്രതിഭ എത്തുന്നു!

സൂപ്പർതാരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് ഇന്റർ മിയാമി. മെസ്സിയെ കൂടാതെ സെർജിയോ ബുസ്ക്കെറ്റ്സിനെയും അവർ സ്വന്തമാക്കിയിരുന്നു.കൂടാതെ മറ്റു പല വെറ്ററൻ താരങ്ങളെയും അവർ ലക്ഷ്യം വെക്കുന്നുണ്ട്.സെർജിയോ റാമോസ്,ജോർഡി ആൽബ,എൻസോ പെരസ്,ഈഡൻ ഹസാർഡ്,ആൻഡ്രസ് ഇനിയേസ്റ്റ എന്നിവരുടെ പേരുകളൊക്കെ ഇന്റർമിയാമിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഉയർന്നു കേൾക്കുന്നുണ്ട്.

ഇന്ററിന്റെ പുതിയ പരിശീലകനായി കൊണ്ട് ടാറ്റ മാർട്ടിനോ ചുമതലയേറ്റിട്ടുണ്ട്. നേരത്തെ അറ്റലാന്റ യുണൈറ്റഡിൽ പ്രയോഗിച്ച ഒരു തന്ത്രം ഇവിടെയും പ്രയോഗിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതായത് അർജന്റീനയിൽ നിന്നും കൂടുതൽ യുവ പ്രതിഭകളെ എത്തിക്കാൻ ഇന്റർ മിയാമി ഉദ്ദേശിക്കുന്നുണ്ട്.അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അർജന്റൈൻ ക്ലബ്ബായ റേസിംഗിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന യുവ പ്രതിഭയാണ് തോമസ് അവിയെസ്. 19കാരനായ താരം അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടി വേൾഡ് കപ്പിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്.അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ ഇന്റർ മിയാമിക്ക് താല്പര്യമുണ്ട്.വരും ദിവസങ്ങളിൽ ഉടൻ തന്നെ താരത്തിനു വേണ്ടി ഒരു ഓഫർ നൽകാൻ ക്ലബ്ബ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. 16 മില്യൻ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് നൽകിയാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഇന്ററിന് സാധിക്കും.

സെന്റർ ബാക്ക് പൊസിഷനിനാണ് തോമസ് അവിയെസ് കളിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ അർജന്റീനയിൽ നിന്നും സ്വന്തമാക്കിയ തിയാഗോ അൽമേഡ അറ്റലാന്റക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.അതേസമയം ഇന്റർമിയാമി വളരെ മോശം പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്.മെസ്സിയും മാർട്ടിനോയും ഒരുമിക്കുമ്പോൾ ഇതിന് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *