മെസ്സി ബാഴ്സക്കെതിരെ കളിക്കേണ്ടി വരുമോ?ഇന്റർ മയാമി ക്ലബ്ബ് വേൾഡ് കപ്പിന്!
അടുത്ത വർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഫിഫ ക്ലബ് വേൾഡ് കപ്പ് നടക്കുന്നത്. ഇത്തവണ കൂടുതൽ വിപുലമായ ക്ലബ്ബ് വേൾഡ് കപ്പിനെയാണ് നമുക്ക് കാണാൻ കഴിയുക. ആകെ 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ജൂൺ പതിനഞ്ചാം തീയതി മുതൽ ജൂലൈ പതിമൂന്നാം തീയതി വരെയാണ് ക്ലബ്ബ് വേൾഡ് കപ്പ് നടക്കുക.
ആകെയുള്ള 32 ടീമുകളിൽ 30 ടീമുകളും ഇപ്പോൾ തീരുമാനമായിട്ടുണ്ട്.യുവേഫയിൽ നിന്ന് 12 ക്ലബ്ബുകൾക്കാണ് സ്ഥാനമുള്ളത്. സൗത്ത് അമേരിക്കയിൽ നിന്നും 6 ക്ലബ്ബുകൾ ഉണ്ട്.നോർത്ത് അമേരിക്ക,കോൺകകാഫ്,ഏഷ്യ,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് നാല് ടീമുകൾ പങ്കെടുക്കും.ബാക്കിയുള്ള സ്പോട്ടിൽ ഓഷ്യാനിയ ടീമാണ് വരുന്നത്. ഇനി രണ്ട് ടീമുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിലൊന്ന് ഈ വർഷത്തെ കോപ ലിബർട്ടഡോറസ് ചാമ്പ്യന്മാരായിരിക്കും.
കൂടാതെ മറ്റൊരു ടീമിനെ ഫിഫ ക്ഷണിക്കുകയാണ് ചെയ്യുക.ആ ടീം സാക്ഷാൽ ലയണൽ മെസ്സിയുടെ ഇന്റർമയാമിയാണ്.മയാമിയെ ക്ലബ്ബ് വേൾഡ് കപ്പിലേക്ക് ക്ഷണിക്കാൻ ഫിഫ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ അടുത്ത ക്ലബ്ബ് വേൾഡ് കപ്പിൽ ലയണൽ മെസ്സിയെ നമുക്ക് കാണാൻ സാധിച്ചേക്കും.
ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബ്ബുകൾക്കെതിരെ ഒരിക്കൽ കൂടി മെസ്സി ബൂട്ടണിയാൻ സാധ്യതയുണ്ട്. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് മെസ്സിക്ക് തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണക്കെതിരെ കളിക്കേണ്ടി വരുമോ എന്നുള്ളതാണ്.ക്ലബ്ബ് വേൾഡ് കപ്പിന് യോഗ്യത നേടാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.കൂടാതെ റയൽ മാഡ്രിഡ് അവിടെയുണ്ട്.അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സ് വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ മെസ്സി പ്രധാനപ്പെട്ട ക്ലബ്ബുകൾക്കെതിരെ കളിക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞേക്കും.എംഎൽഎസിലെ ഷീൽഡ് സ്വന്തമാക്കിയ ഇന്റർമയാമി ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.