മെസ്സി ചൈനയിലേക്കില്ല, ഒഫീഷ്യൽ സ്ഥിരീകരണവുമായി ഇന്റർ മയാമി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു.കലണ്ടർ വർഷത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ സീസൺ നടക്കുന്നത്.അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഒരല്പം നേരത്തെ സീസൺ അവസാനിക്കുകയായിരുന്നു.

എന്നാൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിരുന്നു. ചൈനയിൽ വെച്ചുകൊണ്ട് ചൈനീസ് ക്ലബ്ബുകൾക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ഇന്റർ മയാമി സ്ഥിരീകരിച്ചിരുന്നു. നവംബർ അഞ്ചാം തീയതിയും നവംബർ എട്ടാം തീയതിയുമായിരുന്നു ഈ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.എന്നാൽ ഈ മത്സരങ്ങൾ നടക്കില്ല. മയാമിയുടെ ചൈനീസ് ടൂർ തന്നെ ഇപ്പോൾ ക്യാൻസലായിട്ടുണ്ട്. തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഇന്റർ മയാമി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ചൈനയിലെ അപ്രതീക്ഷിതമായ ചില സ്ഥിതിഗതികൾ കൊണ്ടാണ് ഈ ടൂർ ക്യാൻസൽ ചെയ്യുന്നത് എന്നാണ് ഇന്റർ മയാമി അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൽ നൽകിയിട്ടുണ്ട്.അതായത് ചൈനയിൽ ബ്യൂറോക്രാറ്റിക്,കൊമേഴ്സ്യൽ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്റർ മയാമിയുടെ ഈ പര്യടനം ഒഴിവാക്കേണ്ടി വന്നിട്ടുള്ളത്. ഇത് ക്യാൻസൽ ചെയ്തത് തീർച്ചയായും ചൈനയിലെ ലയണൽ മെസ്സി ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണ്.

എന്നാൽ മയാമി മറ്റു സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ തന്നെ രണ്ട് മത്സരങ്ങൾ കളിക്കാൻ വേണ്ടിയായിരിക്കും മയാമി ശ്രമിക്കുക. ഇന്റർനാഷണൽ ബ്രേക്കിൽ മെസ്സി അർജന്റീനക്കൊപ്പം ഉറുഗ്വയേയും ബ്രസീലിനെയുമാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *