മെസ്സി കോച്ചായാൽ ഇതിനേക്കാൾ വലിയ ഇമ്പാക്ട് ഉണ്ടാവും: ബ്രസീലിയൻ ഇതിഹാസം!
സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവ് അമേരിക്കൻ ലീഗിൽ വലിയ ഇമ്പാക്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കാൻ ഇതുവഴി അമേരിക്കൻ ലീഗിന് കഴിഞ്ഞിരുന്നു.സാമ്പത്തികപരമായും അല്ലാതെയും ഒരുപാട് ഗുണങ്ങൾ ഇതുവഴി ഇന്റർമയാമിക്കും അമേരിക്കൻ ലീഗിനും ഉണ്ടായിട്ടുണ്ട്. നിലവിൽ അമേരിക്കൻ ലീഗിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമിയാണ്. അതിന് ഹേതുവായതും മെസ്സിയുടെ വരവ് തന്നെയാണ് എന്ന് പറയേണ്ടിവരും.
മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ ഇതിഹാസമാണ് ക്ലബ്ബേഴ്സൺ. നിലവിൽ അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനാണ് ഇദ്ദേഹം.മെസ്സി പരിശീലകനാവുന്നതിനെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മെസ്സി കോച്ച് ആയാൽ ഇതിനേക്കാൾ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും എന്നാണ് ക്ലബ്ബേഴ്സൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി വന്നതിനുശേഷം MLS ൽ സംഭവിച്ച മാറ്റം അത് വളരെ വലുതാണ്.ഒരു താരം എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. കൂടാതെ സാമ്പത്തികപരമായി ലീഗിന് വളരെയധികം വളർച്ച കൈവരിക്കാൻ സാധിക്കുന്നു.പക്ഷേ ഞാൻ കരുതുന്നത് മെസ്സി ഒരു മുഖ്യ പരിശീലകനായി കൊണ്ട് അമേരിക്കൻ ലീഗിൽ ഉണ്ടായാൽ ഇതിനേക്കാൾ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും എന്നതാണ്. എല്ലാ മികച്ച താരങ്ങളും മികച്ച പരിശീലകർ ആയി മാറണം എന്നില്ല. പക്ഷേ മെസ്സി ഇന്റർ മയാമിയെ പരിശീലിപ്പിക്കുകയാണെങ്കിൽ അവർ വിജയത്തിലേക്ക് എത്താനുള്ള സാധ്യതകൾ കൂടുതലായിരിക്കും ” ഇതാണ് മുൻ ബ്രസീലിയൻ താരമായിരുന്ന ക്ലബ്ബേഴ്സൺ പറഞ്ഞിട്ടുള്ളത്.
പക്ഷേ ഒരു പരിശീലകൻ ആവാനുള്ള ഉദ്ദേശമൊന്നും മെസ്സിക്കില്ല. ഇക്കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞതാണ്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് പറയാൻ സാധിക്കില്ലെന്നും എന്നാൽ പരിശീലകൻ ആവാൻ തനിക്ക് പ്ലാൻ ഇല്ല എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. അതേസമയം സ്പോർട്ടിംഗ് ഡയറക്ടർ എന്ന പൊസിഷൻ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും മെസ്സി പറഞ്ഞിരുന്നു.