മെസ്സി എഫക്ട്,ഇന്റർമയാമിയുടെ ടിക്കറ്റ് വിറ്റ് പോയത് ചീപ് റേറ്റിന്
ഇന്നലെ ലീഗ്സ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഇന്റർമയാമിക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മെക്സിക്കൻ ക്ലബ്ബായ പ്യൂബ്ലയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലൂയിസ് സുവാരസ്,മത്യാസ് റോഹാസ് എന്നിവരാണ് ഇന്റർ മയാമിയുടെ ഗോളുകൾ നേടിയത്.ജോർഡി ആൽബ, റോബർട്ട് ടൈലർ എന്നിവർ മത്സരത്തിലെ അസിസ്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
ഇന്റർമയാമിയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം അരങ്ങേറിയിരുന്നത്.സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ ഉണ്ടായിരുന്നില്ല. പരിക്ക് കാരണമാണ് മെസ്സിക്ക് മത്സരം നഷ്ടമായത്.എന്നാൽ മത്സരം വീക്ഷിക്കാൻ വേണ്ടി മെസ്സി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പക്ഷേ മെസ്സി ഇല്ലാത്തത് ഈ മത്സരത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. അത് ടിക്കറ്റ് വില്പനയുടെ കാര്യത്തിലാണ്. മെസ്സി ഇല്ലാത്തതു കൊണ്ട് തന്നെ ടിക്കറ്റിന് ഡിമാൻഡ് ഇല്ലായിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കേവലം 14 ഡോളറിനാണ് ഇന്റർമയാമിയുടെ ടിക്കറ്റ് വിറ്റു പോയിട്ടുള്ളത്. ലയണൽ മെസ്സി വന്നതിനുശേഷം ആദ്യമായിട്ടാണ് ഇത്രയും ചെറിയ തുകക്ക് ടിക്കറ്റ് വിറ്റ് പോകുന്നത്.
അതായത് മെസ്സിയെ ആശ്രയിച്ചാണ് ഇപ്പോൾ ഇന്റർ മയാമിയുടെ ടിക്കറ്റ് വിൽപ്പന നിലകൊള്ളുന്നത് എന്നത് വ്യക്തമാണ്. മെസ്സി വന്നതിനുശേഷം മയാമിയുടെ ടിക്കറ്റ് വില വൻതോതിൽ കുതിച്ചുയർന്നിരുന്നു.ഒരു ഘട്ടത്തിൽ 785 ഡോളർ വരെ ടിക്കറ്റ് വില എത്തിയിരുന്നു. അതാണ് ഇപ്പോൾ 14 ഡോളറിലേക്ക് കൂപ്പുകുത്തിയിട്ടുള്ളത്. മെസ്സിയുടെ എഫക്ട് തന്നെയാണ് ഇവിടെ കാണുന്നത്. മെസ്സി ഇല്ലെങ്കിൽ ഇന്റർമയാമിയുടെ മത്സരങ്ങൾ വീക്ഷിക്കാൻ ആളുകൾക്ക് താല്പര്യമില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ടിക്കറ്റ് വില്പനയെ ബാധിക്കും എന്ന് കരുതി തന്നെ മെസ്സിയുടെ പരിക്കിന്റെ കൃത്യമായ അപ്ഡേറ്റുകൾ നൽകാൻ പലപ്പോഴും ഈ ക്ലബ്ബ് മടിക്കാറുണ്ട്. നിലവിലെ ലീഗ്സ് കപ്പ് ജേതാക്കൾ ഇന്റർ മയാമിയാണ്.ആ കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് അവരുടെ മുന്നിലുള്ളത്. കഴിഞ്ഞ തവണ ലയണൽ മെസ്സിയുടെ മികവിൽ ആയിരുന്നു അവർ ആ കിരീടം നേടിയിരുന്നത്.എന്നാൽ ഇത്തവണ മെസ്സി എന്ന് തിരിച്ചെത്തും എന്നത് ഇപ്പോഴും വ്യക്തമല്ല.