മെസ്സി ആവശ്യപ്പെടുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നൽകില്ല:നിലപാട് വ്യക്തമാക്കി പരിശീലകൻ.
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറിയത് മുതൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.ലീഗ്സ് കപ്പ് കിരീടം ക്ലബ്ബിന് നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.കളിച്ച 7 മത്സരങ്ങളിലും മെസ്സി ഗോൾ നേടുകയായിരുന്നു.10 ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സി ഇതുവരെ ഈ അമേരിക്കൻ ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്.
മെസ്സി തുടർച്ചയായി ഇപ്പോൾ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകുമോ എന്ന ചോദ്യം ജെറാർഡോ മാർട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു. ലയണൽ മെസ്സി അടുത്ത മത്സരത്തിൽ കളിക്കും എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. മെസ്സി ആവശ്യപ്പെടുന്നതുവരെ അദ്ദേഹത്തിന് വിശ്രമം നൽകില്ലെന്നും മാർട്ടിനോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
With 4️⃣4️⃣ major trophies, Messi is now the most decorated player in football 𝐇𝐈𝐒𝐓𝐎𝐑𝐘 🏆 pic.twitter.com/c4Jk0ymzAH
— 433 (@433) August 21, 2023
” വിശ്രമവുമായി ബന്ധപ്പെട്ട ഒരു സംഭാഷണം ദിവസങ്ങൾക്കു മുന്നേ ഞാനും മെസ്സിയും നടത്തിയിരുന്നു. തീർച്ചയായും അദ്ദേഹത്തിന് വിശ്രമം നൽകുകയും അദ്ദേഹം റിക്കവറാവുകയും വേണം. പക്ഷേ അടുത്ത മത്സരത്തിൽ എന്തായാലും ലയണൽ മെസ്സി കളിക്കും. ലയണൽ മെസ്സി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ്. ടീമിനെ സഹായിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മെസ്സി ആവശ്യപ്പെടുന്നതുവരെ ഞാൻ അദ്ദേഹത്തിന് വിശ്രമം നൽകില്ല. അദ്ദേഹത്തിന് കളിച്ചുകൊണ്ടിരിക്കാം ” ഇതാണ് ഇന്റർ മയാമിയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
ഇനി വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇന്റർ മയാമിക്ക് കളിക്കാൻ ഉള്ളത്. ഓപ്പൺ കപ്പിൽ നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ സിൻസിനാറ്റിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ലയണൽ മെസ്സിയിൽ തന്നെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.