മെസ്സിയോടൊപ്പം കളിക്കാം എന്ന് പറയുമ്പോൾ എങ്ങനെയാണ് വേണ്ട എന്ന് വെക്കുക:ഡേവിഡ് മാർട്ടിനസ്
നിലവിൽ തകർപ്പൻ പ്രകടനമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഇന്ന് ലീഗ്സ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസ്സിയുടെ അഭാവത്തിലും മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ക്ലബ്ബിന് കഴിയുന്നു എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. നിലവിൽ ഇന്റർ മയാമി അമേരിക്കൻ ലീഗിലും ഒന്നാം സ്ഥാനത്താണ് തുടരുന്നത്. മെസ്സി ഇല്ലാതെ നിരവധി മത്സരങ്ങൾ കളിച്ചിട്ടും അതിലെല്ലാം വിജയം സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു.
കൂടാതെ പ്രതിരോധനിരയിലേക്ക് അവർ മറ്റൊരു താരത്തെ കൂടി ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്.അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടി കളിച്ചിരുന്ന ഡേവിഡ് മാർട്ടിനെസ്സ് എന്ന താരത്തെയാണ് ഇന്റർ മയാമി കൊണ്ടുവന്നിട്ടുള്ളത്.കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പ്രസന്റെഷൻ നടക്കുകയും ചെയ്തിരുന്നു. ലയണൽ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ക്ലബ്ബിൽ ഉണ്ടായത് ഇന്റർമയാമിയെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്നായി എന്ന് ഡേവിഡ് മാർട്ടിനസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അവർ നിങ്ങളെ വിളിച്ചുകൊണ്ട് പറയുകയാണ് നിങ്ങൾക്ക് ലയണൽ മെസ്സിക്കൊപ്പം കളിക്കാം. സുവാരസിനും ബുസ്ക്കെറ്റ്സിനും ആൽബക്കുമൊപ്പം കളിക്കാം. അപ്പോൾ അതുവേണ്ട എന്ന് വെക്കൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ” ഇതാണ് ഇന്റർമയാമിയിൽ എത്തിയിട്ടുള്ള പുതിയ താരം പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് നിരവധി യുവ പ്രതിഭകളെ സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിട്ടുണ്ട്. അർജന്റീനയിൽ നിന്നും ഒരുപാട് യുവ താരങ്ങളെ ഇന്റർമയാമി കൊണ്ടുവന്നിട്ടുണ്ട്. മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഉള്ളതുകൊണ്ട് തന്നെ താരങ്ങളെ കൺവിൻസ് ചെയ്യാൻ ഇപ്പോൾ ഇന്റർ മയാമിക്ക് എളുപ്പമാണ്. മെസ്സി വരുന്നതിനു മുൻപേ വളരെ പരിതാപകരമായ നിലയിൽ ഉണ്ടായിരുന്ന ക്ലബ്ബ് ഇന്ന് അമേരിക്കയിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി മാറി കഴിഞ്ഞിട്ടുണ്ട്.