മെസ്സിയെ തടയാനുള്ള ബുദ്ധിമുട്ട്, അക്കമിട്ട് നിരത്തി MLS പരിശീലകർ!

കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിൽ എത്തിയത്. മെസ്സിയുടെ വരവ് ഇന്റർമയാമിയിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയായിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം അവർ സ്വന്തമാക്കി. ഇപ്പോൾ MLS ഷീൽഡിന്റെ തൊട്ടരികിലാണ് അവർ ഉള്ളത്. തന്റെ ക്ലബ്ബിനുവേണ്ടി മെസ്സി മികച്ച പ്രകടനം നടത്തുന്നുണ്ട്.

15 ലീഗ് മത്സരങ്ങളാണ് ഈ സീസണിൽ മെസ്സി കളിച്ചത്. അതിൽ നിന്ന് 14 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മെസ്സിയെ തടയുക എന്നത് അമേരിക്കൻ ലീഗിലെ ഓരോ ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതേക്കുറിച്ച് പല പരിശീലകരും പറഞ്ഞിട്ടുള്ളത് ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഓരോന്നായി നമുക്ക് പരിശോധിക്കാം.

സ്പോർട്ടിങ് കൻസാസ് സിറ്റിയുടെ പരിശീലകനായ പീറ്റർ വെർമെസ് പറയുന്നത് ഇങ്ങനെയാണ്. “മെസ്സിക്ക് പരമാവധി ബോൾ ലഭിക്കാതെ ശ്രദ്ധിക്കുക.അതാണ് നമുക്ക് ചെയ്യാനുള്ള കാര്യം. നിങ്ങൾക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ അതൊരിക്കലും കൈവിടാതിരിക്കാൻ ശ്രമിക്കുക. കൈവിട്ടാൽ അത് ഗോളായി മാറാനുള്ള സാധ്യതകൾ ഏറെയാണ് ” ഇതാണ് പീറ്റർ പറഞ്ഞിട്ടുള്ളത്.

ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ പരിശീലകനായ കാലെബ് പോർട്ടർ പറഞ്ഞത് ഇങ്ങനെയാണ്. ” നിങ്ങൾക്ക് ഒരിക്കലും മെസ്സിയെ തടയാൻ കഴിയില്ല.പക്ഷേ പ്രധാനപ്പെട്ട ഏരിയകളിൽ അദ്ദേഹം പന്ത് ടച്ച് ചെയ്യുന്നത് പരിമിതപ്പെടുത്താൻ കഴിയും. ബോക്സിന് അകത്തോ പ്രധാനപ്പെട്ട ഏരിയകളിലോ എത്തിക്കഴിഞ്ഞാൽ അദ്ദേഹം പിന്നീട് അൺസ്റ്റോപ്പബിളാണ് ” ഇതാണ് കാലെബ് പറഞ്ഞിട്ടുള്ളത്.

ഫിലാഡൽഫിയ പരിശീലകനായ ജിം കർട്ടിൻ മെസ്സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “ഞങ്ങൾക്കെതിരെയുള്ള മത്സരത്തിൽ മികച്ച നീക്കങ്ങൾ മെസ്സി നടത്തിയിട്ടുണ്ട്.കുറച്ചുകൂടി നല്ല രൂപത്തിൽ ഞങ്ങൾക്ക് ഡിഫൻഡ് ചെയ്യാമായിരുന്നു. ഇത്തരം മികച്ച താരങ്ങൾക്കെതിരെ നല്ല ഡിഫൻഡ് നടത്തിയിട്ടില്ലെങ്കിൽ അവർ നമ്മളെ ശിക്ഷിക്കുക തന്നെ ചെയ്യും “ഇതാണ് പരിശീലകൻ പറഞ്ഞത്.

ന്യൂയോർക്ക് റെഡ് ബുൾസിന്റെ പരിശീലകനായ സാൻഡ്രോ ഷ്വാർസ് പറഞ്ഞത് ഇങ്ങനെയാണ്. ” മെസ്സിയെ തടയുക എന്നുള്ളത് എളുപ്പമല്ല. മത്സരത്തിന്റെ മുഴുവൻ സമയവും ഏറ്റവും ഉയർന്ന ശ്രദ്ധ അതിന് വേണം ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അങ്ങനെ മെസ്സിയെക്കുറിച്ച് നിരവധി കാര്യങ്ങൾ അമേരിക്കൻ ലീഗിലെ എതിർ പരിശീലകരും താരങ്ങളുമൊക്കെ പറഞ്ഞിട്ടുണ്ട്. കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ മെസ്സി പ്രകടനം നടത്തുന്നുണ്ട്. പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ നഷ്ടമായി എന്നത് മാത്രമാണ് ആരാധകർക്ക് നിരാശ നൽകുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *