മെസ്സിയുടെ കാര്യത്തിൽ നിങ്ങൾ എന്താണ് ഒളിക്കുന്നത്?ഇന്റർമയാമിയോട് മുൻ താരം

സൂപ്പർ താരം ലയണൽ മെസ്സിക്ക് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്.ആ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. മെസ്സിയുടെ പരിക്ക് ഒരല്പം സീരിയസാണ്.കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ എത്രകാലമാണ് മെസ്സി പുറത്തിരിക്കുക എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്റർ മയാമി നൽകിയിരുന്നില്ല.

മെസ്സിക്ക് പരിക്ക് പറ്റുന്ന സമയത്ത് എല്ലാം കൃത്യമായ വിവരങ്ങൾ നൽകാതെ ഇന്റർമയാമി ആരാധകരെ കബളിപ്പിക്കാറുണ്ട്. മെസ്സിയുടെ സാന്നിധ്യം ഇല്ലെങ്കിൽ ടിക്കറ്റ് വില്പന ഉൾപ്പെടെയുള്ള ബിസിനസുകളെ അത് ബാധിക്കും. അതുകൊണ്ടാണ് പലപ്പോഴും ഇന്റർ മയാമി കൃത്യമായ വിവരങ്ങൾ നൽകാത്തത്.വരുന്ന ലീഗ്സ് കപ്പ് സ്‌ക്വാഡിൽ മെസ്സി ഇടം നേടിയിട്ടുണ്ടെങ്കിലും ഏതൊക്കെ മത്സരങ്ങളിൽ അദ്ദേഹം കളിക്കും എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഇന്റർമയാമിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അമേരിക്കൻ താരമായ ഹെർക്കുലീസ് ഗോമസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി എത്ര കാലം പുറത്തിരിക്കും എന്നോ എന്ന് തിരിച്ചെത്തുമെന്നോ അവർ പറയാത്തത് വളരെ മോശമായ ഒരു കാര്യമാണ്. ബാക്കിയെല്ലാം ടീമുകളും താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ കൃത്യമായി പങ്കുവെക്കാറുണ്ട്. പക്ഷേ മെസ്സിയുടെ കാര്യത്തിൽ ഇന്റർമയാമി അങ്ങനെയല്ല. അത് MLS ന് തന്നെ നാണക്കേടാണ്. മറ്റുള്ള ടീമുകളെല്ലാം ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട് എങ്കിലും അവർ നല്ല രീതിയിൽ കൈകാര്യം ചെയ്യും.എന്നാൽ ഇന്റർ മയാമിയുടെ കാര്യത്തിൽ അങ്ങനെയല്ല. നമ്മൾ മറ്റെവിടെയെങ്കിലും പോയി അന്വേഷിക്കണം ” ഇതാണ് ഗോമസ് പറഞ്ഞിട്ടുള്ളത്.

കോപ്പ അമേരിക്ക ടൂർണമെന്റ് കാരണം മയാമിയുടെ ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു.അതിന് പുറമേയാണ് പരിക്കും മെസ്സിയെ അലട്ടുന്നത്. മെസ്സിയുടെ അഭാവം ഇന്റർമയാമിയെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും തിരിച്ചടിയാണ്.വളരെ വേഗം അദ്ദേഹം തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *