മെസ്സിയുടെ ആരോഗ്യസ്ഥിതി എങ്ങനെ?ഇന്ന് കളിക്കുമോ? അപ്ഡേറ്റുകൾ നൽകി ഇന്റർ മയാമി കോച്ച്!
അമേരിക്കൻ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി കളി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെന്റ് ലൂയിസ് സിറ്റിയാണ്.കൃത്യമായി പറഞ്ഞാൽ നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്റർ മയാമിയുടെ മൈതാനത്തെ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം ഇറങ്ങുക.
സമീപകാലത്ത് ലയണൽ മെസ്സിയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.ഇടയ്ക്കിടെ പരിക്കുകൾ മെസ്സിയെ ഇപ്പോൾ പിടികൂടുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമായ വിശ്രമങ്ങൾ മെസ്സിക്ക് ഇന്റർ മയാമി നൽകാറുമുണ്ട്.എന്നാൽ നിലവിൽ ലയണൽ മെസ്സി ഓക്കെയാണ്. ആശങ്കപ്പെടാൻ ഒന്നുമില്ല.ഇന്ന് നടക്കുന്ന മത്സരത്തിൽ മെസ്സി കളിക്കും. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത് അവരുടെ അസിസ്റ്റന്റ് പരിശീലകനായ ഹവിയർ മൊറാലസാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കളിക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഒരു ട്രെയിനിങ് സെഷൻ കൂടി ഞങ്ങൾക്ക് ബാക്കിയുണ്ട്.അതിനുശേഷമാണ് ഞങ്ങൾ തീരുമാനിക്കുക.പക്ഷേ മെസ്സിക്ക് ഇപ്പോൾ ശാരീരികമായ പ്രശ്നങ്ങൾ ഒന്നുമില്ല.അദ്ദേഹം ഓക്കെയാണ്. പക്ഷേ താരങ്ങളുമായി സംസാരിച്ചുകൊണ്ടാണ് ആരൊക്കെ കളിക്കണം? കളിക്കേണ്ടതില്ല എന്നുള്ളത് ഞങ്ങൾ തീരുമാനിക്കുക.ഒരു സ്ട്രോങ്ങ് ടീമിനെ തന്നെയാണ് ഞങ്ങൾ അണിനിരത്തുക.നിലവിൽ എല്ലാ താരങ്ങളും ഫിറ്റാണ്. എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് ഇന്റർമയാമി അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയും സുവാരസുമൊക്കെ കളിക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇവരൊക്കെ കളിച്ചിട്ടും ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവർക്കൊരു തിരിച്ചുവരവ് അനിവാര്യമാണ്. ഈ മത്സരം അവസാനിച്ച ശേഷമാണ് മെസ്സി അർജന്റീന ക്യാമ്പിൽ ജോയിൻ ചെയ്യുക. തുടർന്ന് കോപ അമേരിക്ക കാരണം ഇന്റർ മയാമിയുടെ അടുത്ത 5 മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും.