മെസ്സിക്ക് വൻ സ്വീകരണം നൽകാൻ തയ്യാറായിക്കഴിഞ്ഞു : ഇന്റർ മിയാമി ഉടമസ്ഥൻ!

സൂപ്പർ താരം ലയണൽ മെസ്സി ഇനി മുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക.ഫ്രീ ഏജന്റായിരുന്ന മെസ്സിക്ക് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലും മെസ്സിയുടെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒടുവിൽ ഇന്റർ മിയാമി അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. മെസ്സി ഇപ്പോൾ തന്നെ യൂറോപ്പിനോട് വിട പറഞ്ഞത് ആരാധകർക്ക് നിരാശയുണ്ടാക്കിയ കാര്യമാണ്.

ഇന്റർ മിയാമിയുടെ മാനേജിംഗ് ഉടമസ്ഥനായ ജോർഹെ മാസ് ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. മെസ്സിക്ക് വലിയ സ്വീകരണം നൽകാൻ ഇന്റർ മിയാമി തയ്യാറായിക്കഴിഞ്ഞു എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ മറ്റു പലകാര്യങ്ങളെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.മാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി.MLS ഇനിമുതൽ ലയണൽ മെസ്സിക്ക് മുമ്പും ലയണൽ മെസ്സിക്ക് ശേഷവും എന്നറിയപ്പെടും. തീർച്ചയായും മെസ്സിയുടെ വരവ് ഇവിടെ വലിയ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കാരണമാവും.ഞങ്ങൾ ഞങ്ങളുടെ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഏകദേശം 3000 ത്തോളം പുതിയ സീറ്റുകൾ സ്ഥാപിക്കും. നിലവിൽ ഞങ്ങളുടെ ടിക്കറ്റിന്റെ ഡിമാൻഡ് ഇപ്പോൾ പത്തിരട്ടിയാണ്.കൂടാതെ സെക്യൂരിറ്റികൾ എല്ലാം വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ നടപടിക്രമങ്ങൾ എല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ആണ് ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ എല്ലാത്തിനും ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു ” ഇതാണ് ജോർഹെ മാസ് പറഞ്ഞിട്ടുള്ളത്.

2025 വരെ,അഥവാ രണ്ടര വർഷത്തെ കരാറിലായിരിക്കും മെസ്സി ഒപ്പുവെക്കുക. അത് ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ മെസ്സിയുടെ മുന്നിൽ ഉണ്ടായിരിക്കും.50 മില്യൺ ഡോളർ മുതൽ 60 മില്യൺ ഡോളർ വരെയുള്ള ഒരു തുകയായിരിക്കും മെസ്സിക്ക് സാലറി ആയി കൊണ്ട് ലഭിക്കുക. ഇതിനുപുറമെ ബോണസ്സുകളും ഓഹരികളും മെസ്സിക്ക് ലഭിക്കും. ജൂലൈ 21ആം തീയതി മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തിൽ മെസ്സിയുടെ അരങ്ങേറ്റം നടത്താനാണ് ഇന്റർ മിയാമി ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *