മെസ്സിക്ക് വിശ്രമം നൽകിയതിൽ കലിപ്പിലായി എതിർ ആരാധകർ, വിശദീകരണവുമായി ടാറ്റ മാർട്ടിനോ!
ഇന്ന് അമേരിക്കൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ കനേഡിയൻ ക്ലബ്ബായ വാങ്കോ വർ വൈറ്റ് കാപ്സാണ്. സാങ്കേതികമായി നാളെ രാവിലെ ഇന്ത്യൻ സമയം 8 മണിക്കാണ് ഈ മത്സരം നടക്കുക.വാങ്കോവറിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. എന്നാൽ ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല.
മെസ്സിയുടെ ഫിറ്റ്നസിൽ ആശങ്കയുള്ളതുകൊണ്ട് അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. കൂടാതെ സുവാരസ്,ബുസ്ക്കെറ്റ്സ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കും വിശ്രമം നൽകിയിട്ടുണ്ട്. എന്നാൽ മെസ്സിയെ കാണാൻ കഴിയാത്തതിൽ എതിർ ആരാധകർ കടുത്ത നിരാശയിലാണ്.അവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മെസ്സിക്ക് വിശ്രമം നൽകിയതിൽ ഇന്റർമയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ വിശദീകരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
” ഞങ്ങൾ ഇന്നലത്തെ ട്രെയിനിങ് പൂർത്തിയാക്കിയതിനു ശേഷം താരങ്ങളുമായും കോച്ചിംഗ് സ്റ്റാഫുമാരും സംസാരിച്ചിരുന്നു.ഈ താരങ്ങൾക്ക് വിശ്രമം നൽകാമെന്ന് തീരുമാനമെടുത്തത് അപ്പോഴാണ്. ആളുകളുടെ നിരാശ ഞങ്ങൾക്ക് മനസ്സിലാകും. തീർച്ചയായും അവർ ഈ താരങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ കളിപ്പിക്കാതിരിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഈ താരങ്ങൾ മാർക്കറ്റിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം. ആളുകൾക്ക് ഇത് സന്തോഷം നൽകാത്തതായിരിക്കാം,പക്ഷേ താരങ്ങൾക്ക് ഇത് ഗുണമുള്ളതാണ്. 20 ദിവസങ്ങൾക്ക് മുന്നേ ഒന്നും ഇത് നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ. ഒരാഴ്ചയിൽ ഞങ്ങൾക്ക് മൂന്ന് വീതം മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്.അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളിലും എല്ലാ താരങ്ങളെയും പങ്കെടുപ്പിക്കാൻ കഴിയില്ല ” ഇതാണ് മയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടിയായിരുന്നു ഭൂരിഭാഗം വരുന്ന കനേഡിയൻ ആരാധകരും ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ മെസ്സി ഇല്ല എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. ഇതോടെ ആരാധകർക്ക് ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ ക്ലബ്ബ് പ്രസിഡണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.