മെസ്സിക്ക് പണത്തേക്കാൾ വലുത് ഫുട്ബോളിനോടുള്ള ഇഷ്ടം : ബാഴ്സ ഇതിഹാസം.

സൂപ്പർ താരം ലയണൽ മെസ്സി ഇനി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്.അദ്ദേഹത്തിന്റെ അരങ്ങേറ്റം ഉടൻ തന്നെയുണ്ടാവും.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസ്സിക്ക് വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.സാലറിയായി കൊണ്ട് ഒരു ബില്യൺ യൂറോയായിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അത് നിരസിച്ചു കൊണ്ടായിരുന്നു ലയണൽ മെസ്സി ഇന്റർ മിയാമിയേ തിരഞ്ഞെടുത്തത്.

ഇക്കാര്യത്തിൽ ലയണൽ മെസ്സിയെ പ്രശംസിച്ചു കൊണ്ട് എഫ്സി ബാഴ്സലോണയുടെ ഇതിഹാസമായ ഹ്രിസ്റ്റോ സ്റ്റോയ്ച്ച്കോവ് രംഗത്ത് വന്നിട്ടുണ്ട്.ലയണൽ മെസ്സിക്ക് പണത്തേക്കാൾ വലുത് ഫുട്ബോളിനോടുള്ള സ്നേഹമായിരുന്നു എന്നാണ് സ്റ്റോയ്ച്ച്കോവ് പറഞ്ഞിട്ടുള്ളത്. മെസ്സി വന്നിട്ടുള്ളത് പോരാടാൻ വേണ്ടിയാണെന്നും സ്റ്റോയ്ച്ച്കോവ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ പണത്തിനുവേണ്ടി കളിക്കാറില്ല.ഞങ്ങൾ സ്നേഹത്തിനു വേണ്ടിയാണ് കളിക്കാറുള്ളത്.അതാണ് നമ്മുടെയൊക്കെ മഹത്വം തെളിയിക്കുന്നത്. ഞാൻ ഒരിക്കലും എന്റെ സാലറിയോ ബോണസോ വിഷയമാക്കിയിട്ടില്ല.അതിന് പ്രാധാന്യം നൽകിയിട്ടില്ല.ലയണൽ മെസ്സിയും അങ്ങനെ തന്നെയാണ്.എന്നെ സംബന്ധിച്ചിടത്തോളം മികച്ച രൂപത്തിൽ കളിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.അങ്ങനെയാണെങ്കിൽ മാത്രമാണ് ആളുകൾ നമ്മെ വിലമതിക്കുകയുള്ളൂ.ഏജന്റുമാർ മറ്റുള്ള കാര്യങ്ങളാണ് നോക്കുക.മെസ്സി വന്നിട്ടുള്ളത് മികച്ച രൂപത്തിൽ കളിക്കാനും പോരാടാനും വേണ്ടിയാണ്.ഒരിക്കലും അദ്ദേഹം പണത്തിന് പ്രാധാന്യം നൽകുന്നില്ല. മെസ്സിക്ക് പണത്തേക്കാൾ വലുത് ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ” ഇതാണ് സ്റ്റോയ്ച്ച്കോവ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി എഫ് സി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ സാമ്പത്തികപരമായ പ്രയാസങ്ങൾ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു.അതേസമയം ഇന്റർമിയാമി വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ പോകുന്നത്.അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *