മെസ്സിക്ക് ഇങ്ങോട്ട് വരാം, ഇരുകൈയും നീട്ടി സ്വീകരിക്കും:സൗദി ലീഗ് ഡയറക്ടർ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ലീഗ് പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു.അൽ ഹിലാലായിരുന്നു മെസ്സിക്ക് വേണ്ടി ശ്രമിച്ചിരുന്നത്. ഒരു ബില്യൺ യൂറോയുടെ റെക്കോർഡ് ഓഫർ മെസ്സിക്ക് നൽകിയിരുന്നു.എന്നാൽ മെസ്സി അത് നിരസിക്കുകയായിരുന്നു. പിന്നീട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി ചേക്കേറി.അൽ ഹിലാൽ നെയ്മർ ജൂനിയറെയാണ് പിന്നീട് ടീമിലേക്ക് എത്തിച്ചത്.

എന്നാൽ പുതുതായി നൽകിയ അഭിമുഖത്തിൽ മെസ്സി സൗദി അറേബ്യയെ കുറിച്ച് സംസാരിച്ചിരുന്നു.സൗദിയുടെ ഓഫർ താൻ പരിഗണിച്ചിരുന്നു എന്നാണ് ലയണൽ മെസ്സി പറഞ്ഞിരുന്നത്. ഏതായാലും ഇതേക്കുറിച്ച് സൗദി ലീഗിന്റെ ഡയറക്ടറായ മിഷേൽ എമിനാലോ ഒരു പ്രതികരണം നടത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് അടുത്ത സീസണിൽ വേണമെങ്കിൽ സൗദിയിലേക്ക് വരാമെന്നും സൗദി അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുമാണ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അടുത്ത സീസണിൽ അദ്ദേഹം സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്ത തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ സന്തോഷപൂർവ്വം വരവേൽക്കും. ഇനിയിപ്പോൾ അദ്ദേഹം അമേരിക്കയിൽ തന്നെ തുടരാൻ തീരുമാനിച്ചാലും ഞങ്ങൾക്ക് കുഴപ്പങ്ങൾ ഒന്നുമില്ല. ഞങ്ങൾ അതിലും ഹാപ്പിയായിരിക്കും.ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്ന ഏതൊരു സൂപ്പർതാരത്തെയും ഞങ്ങൾ സ്വീകരിക്കും.സൗദിയിലേക്ക് വരാൻ ആരെങ്കിലും താല്പര്യം പ്രകടിപ്പിച്ചാൽ തീർച്ചയായും അവരെ എത്തിക്കാൻ വേണ്ടി ഞങ്ങൾ പരമാവധി പരിശ്രമങ്ങൾ നടത്തുമെന്ന ഉറപ്പു നൽകുന്നു ” ഇതാണ് എമിനാലോ പറഞ്ഞിട്ടുള്ളത്.

കൂടുതൽ സൂപ്പർ താരങ്ങൾ സൗദിയിലേക്ക് എത്തും എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. ഏതായാലും ലയണൽ മെസ്സി സൗദിയിലേക്ക് എത്താൻ സാധ്യതകൾ ഇല്ല.അദ്ദേഹം അമേരിക്കയിൽ ഹാപ്പിയാണ്. അടുത്ത മാസമാണ് പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മെസ്സിയും ഇന്റർ മയാമിയും ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *