മെസ്സിക്ക് അബദ്ധം പിണയുമോ, പോകുന്നത് കുഴപ്പം പിടിച്ച സ്ഥലത്തേക്ക്!
ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് നിലവിൽ ഇന്റർ മിയാമിയുള്ളത്. ഇന്റർ മിയാമിക്കും അമേരിക്കൻ ലീഗിനും മെസ്സിയുടെ വരവ് ഒരു വലിയ ഊർജ്ജം സമ്മാനിക്കും. മേജർ സോക്കർ ലീഗിന്റെ വളർച്ചയ്ക്ക് സമഗ്ര സംഭാവനകൾ നൽകാൻ ലയണൽ മെസ്സിക്ക് സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. പക്ഷേ നിലവിൽ ഒരു കുഴപ്പം പിടിച്ച സ്ഥലത്തേക്കാണ് ലയണൽ മെസ്സി പോയിക്കൊണ്ടിരിക്കുന്നത്.
പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതായത് 2018ൽ സ്ഥാപിതമായ ഇന്റർ മിയാമി 2020ൽ മാത്രമാണ് MLS ൽ കളിച്ചു തുടങ്ങുന്നത്. ഡേവിഡ് ബെക്കാമാണ് ഈയൊരു ക്ലബ്ബിന്റെ ഉടമസ്ഥൻ. പ്രത്യേകിച്ച് ചരിത്രമൊന്നും അവകാശപ്പെടാൻ ഇന്റർ മിയാമി എന്ന ക്ലബ്ബിനില്ല. നേരത്തെ സൂപ്പർ താരങ്ങളായ ഗോൺസാലോ ഹിഗ്വയ്നെയും ബ്ലൈസ് മറ്റിയൂഡിയെയും ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ മറ്റിയൂഡിയുടെ ട്രാൻസ്ഫറിൽ നിയമലംഘനം നടന്നതിനാൽ രണ്ടുവർഷം ഈ ക്ലബ്ബിന് സാമ്പത്തിക വിലക്ക് ലഭിക്കുകയും ചെയ്തു.
The Messi party is coming to Miami 🕺 pic.twitter.com/afMnDGdCG3
— B/R Football (@brfootball) June 8, 2023
2023 എന്ന ഈ സീസണിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇന്റർ മിയാമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വളരെ മോശം പ്രകടനമാണ് അവർ ഇപ്പോൾ പുറത്തെടുക്കുന്നത്. ഈസ്റ്റേൺ മേഖലയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റർമിയാമി ഉള്ളത്.16 മത്സരങ്ങളിൽ 11 മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു.മാത്രമല്ല അവരുടെ പരിശീലകനായ ഫിൽ നെവില്ലെയെ ക്ലബ്ബ് പുറത്താക്കിയിട്ടുണ്ട്. നിലവിൽ ഒരു മുഖ്യ പരിശീലകൻ ഇന്റർ മിയാമിക്ക് ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. താൽക്കാലിക പരിശീലകനായ ഹവിയർ മൊറാലസിന് കീഴിലാണ് ഇപ്പോൾ ഇന്റർമിയാമി കളിച്ചുകൊണ്ടിരിക്കുന്നത്.
ഈസ്റ്റേൺ മേഖലയിലും വെസ്റ്റേൺ മേഖലയിലുമായി ആകെ 29 ടീമുകളാണ് MLS ൽ കളിച്ചുകൊണ്ടിരിക്കുന്നത്. അതിൽ 27ാം സ്ഥാനത്താണ് നിലവിൽ ഇന്റർ മിയാമി ഉള്ളത്.ഇനിയും ഈ സീസണിൽ മത്സരങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ഇന്റർ മിയാമി പ്ലേ ഓഫ് കളിക്കാൻ സാധ്യത കുറവാണ്. അങ്ങനെ എല്ലാംകൊണ്ടും പ്രതിസന്ധിയിലായിരിക്കുന്ന ഒരു ക്ലബ്ബിലേക്കാണ് മെസ്സി ഇപ്പോൾ ചേക്കേറിയിട്ടുള്ളത്.ഇന്റർ മിയാമിയെ ഉയർത്തിക്കൊണ്ടുവരാൻ മെസ്സിക്ക് കഴിയുമോ അതല്ലെങ്കിൽ മെസ്സിയുടെ തീരുമാനം അബദ്ധമാവുമോ എന്നൊക്കെയാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.