മുൻ ബാഴ്സ സൂപ്പർ താരത്തെ ഇന്‍ററിൽ എത്തിക്കാൻ ലയണൽ മെസ്സിക്ക് താല്പര്യം!
ലയണൽ മെസ്സി വന്നതിനുശേഷം മികച്ച പ്രകടനമാണ് ഇന്റർ മയാമി നടത്തിക്കൊണ്ടിരിക്കുന്നത്.ഒരൊറ്റ മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല ലീഗ്സ് കപ്പ് കിരീടം അവർ നേടിയിരുന്നു.MLS പ്ലേ ഓഫാണ് ഇപ്പോൾ അവരുടെ ലക്ഷ്യം. ഇന്റർ മയാമിക്ക് 6 പോയിന്റ് അകലെ മാത്രമാണ് ഇപ്പോൾ പ്ലേ ഓഫ് സ്പോട്ട് ഉള്ളത്.
ലയണൽ മെസ്സി മാത്രമല്ല ഈ ക്ലബ്ബിലേക്ക് വന്നിട്ടുള്ളത്. സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയുമൊക്കെ ഇന്റർ മയാമിയുടെ താരങ്ങളാണ്. മയാമിയുടെ മികച്ച പ്രകടനത്തിൽ ഇവർക്ക് കൂടി വലിയ പങ്കുണ്ട്. മാത്രമല്ല കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാൻ ഇന്റർ മയാമി ഉദ്ദേശിക്കുന്നുമുണ്ട്.
MERCATO – Messi vuole Riqui Puig all'Inter Miami https://t.co/qzobjXEX54 pic.twitter.com/4Q8d5eUpmW
— CM Magazine (@calciomercato_m) September 14, 2023
ലയണൽ മെസ്സിക്ക് സൂപ്പർ താരമായ റിക്കി പുജിനെ ഇന്ററിലേക്ക് കൊണ്ടുവരാൻ താല്പര്യമുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.റിക്കി പുജും ലയണൽ മെസ്സിയും നേരത്തെ ഒരുമിച്ച് എഫ്സി ബാഴ്സലോണയിൽ കളിച്ചവരാണ്. പക്ഷേ പിന്നീട് ഈ സ്പാനിഷ് സൂപ്പർതാരം എംഎൽഎസിലേക്ക് വരികയായിരുന്നു.
2022 ലാണ് പുജ് ഫ്രീ ഏജന്റായി കൊണ്ട് ലാ ഗാലക്സിയിൽ എത്തിയത്. അവർക്ക് വേണ്ടി ഇതുവരെ ആകെ 42 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ താരത്തെ എത്തിക്കാനാണ് മെസ്സി താത്പര്യം അറിയിച്ചിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ ദിവസം റിക്കി പുജ് മെസ്സി,ബുസ്ക്കെറ്റ്സ്,ആൽബ എന്നിവരെ കാണുകയും ചെയ്തിരുന്നു. ഏതായാലും വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അതിന് സാധ്യതയുണ്ടോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.