മയാമി വെറുതെ വിജയിച്ചതല്ല,മത്സരത്തിനു മുന്നേ പ്രചോദനമായത് മെസ്സി തന്നെ.

കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ വിജയിക്കാൻ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മയാമി കൻസാസ് സിറ്റിയെ പരാജയപ്പെടുത്തിയത്. മെസ്സിയുടെ അഭാവത്തിലാണ് മയാമി ഈ മത്സരം കളിച്ചിരുന്നത്.എന്നിട്ടും വിജയം നേടാൻ അവർക്ക് സാധിച്ചു.12 മത്സരങ്ങളായി ഇന്റർമയാമി അപരാജിത കുതിപ്പ് തുടരുകയാണ്. മത്സരത്തിൽ കംപാന ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫകുണ്ടോ ഫാരിയാസ് ഒരു ഗോൾ നേടുകയായിരുന്നു.

സെർജിയോ ബുസ്ക്കെറ്റ്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു അർജന്റൈൻ താരമായ ഫാരിയാസ് ഗോൾ നേടിയത്. ഏതായാലും ഈ മത്സരത്തിനുശേഷം ലയണൽ മെസ്സിയുടെ സാന്നിധ്യത്തെ കുറിച്ച് ഫാരിയാസ് സംസാരിച്ചിട്ടുണ്ട്. മത്സരത്തിനു മുന്നേ ലയണൽ മെസ്സി തങ്ങൾക്ക് എല്ലാവർക്കും പ്രചോദനമേകി കൊണ്ട് മെസ്സേജ് അയച്ചു എന്നാണ് ഫാരിയാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മത്സരത്തിനു മുന്നേ ലയണൽ മെസ്സിയിൽ നിന്നും ഞങ്ങൾക്ക് എല്ലാവർക്കും ഒരു മെസ്സേജ് ലഭിച്ചു. ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടുള്ള ഒരു മെസ്സേജ് ആയിരുന്നു അത്.മാത്രമല്ല ദേശീയ ടീമിലേക്ക് പോയ പല താരങ്ങളും ഞങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയിരുന്നു ” ഇതാണ് മത്സരശേഷം ഫകുണ്ടോ ഫാരിയാസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമാണ് ലയണൽ മെസ്സി ഉള്ളത്. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയെ വിജയിപ്പിച്ചത് ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളാണ്. ഇനി അടുത്ത മത്സരത്തിൽ ബൊളിവിയയാണ് അർജന്റീനയുടെ എതിരാളികൾ. അതേസമയം ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇതുവരെ മെസ്സി പുറത്തെടുത്തിട്ടുള്ളത്.11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് ക്ലബ്ബിനുവേണ്ടി മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *