മയാമി മെസ്സിയെ അമിതമായി ആശ്രയിക്കുന്നുണ്ടോ? ലോകത്തെ ഏറ്റവും മികച്ച താരമല്ലേയെന്ന് മാർട്ടിനോ!

അമേരിക്കൻ ലീഗിൽ നാല് മത്സരങ്ങളാണ് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമി കളിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ വിജയവും ഒരു മത്സരത്തിൽ സമനിലയും വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും മെസ്സി ഉണ്ടായിരുന്നു. മെസ്സി കളിക്കാത്ത മത്സരത്തിൽ ഇന്റർമയാമി വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. അതേസമയം ലയണൽ മെസ്സി കളിച്ചപ്പോൾ കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും ഇന്റർമയാമിക്ക് സാധിച്ചു.

ചുരുക്കത്തിൽ ലയണൽ മെസ്സിയെ വല്ലാതെ മയാമി ആശ്രയിക്കുന്നുണ്ട്. അത് മത്സരഫലങ്ങളിൽ നിന്നും പ്രകടമാണ്. ഇക്കാര്യം മയാമിയുടെ പരിശീലകനായ മാർട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു. മെസ്സിയെ ക്ലബ്ബ് അമിതമായി ആശ്രയിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ലോകത്തെ ഏറ്റവും മികച്ച താരമല്ലേ മെസ്സി എന്നാണ് അദ്ദേഹം ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.മാർട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് ഈ സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് ഞങ്ങൾ ആദ്യമേ ബോധവാന്മാരാണ്. മെസ്സി ബാഴ്സലോണയുടെ പ്രധാന താരമായിരുന്നു,പിഎസ്ജിയുടെ പ്രധാന താരമായിരുന്നു, അർജന്റീനയുടെ പ്രധാന താരമാണ്. പിന്നീട് എന്തുകൊണ്ട് ഞങ്ങളുടെ പ്രധാന താരമായി കൂടാ?ലോകത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തിന് പകരം വെക്കാൻ ഒന്നുമില്ല. അപ്പോൾ അദ്ദേഹത്തിന്റെ അഭാവത്തിൽ അത് പരിഹരിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുക എന്നുള്ളതു മാത്രമാണ് ഞങ്ങൾക്ക് ചെയ്യാനുള്ളത് ” ഇതാണ് മയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അമേരിക്കൻ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. അതേസമയം കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റം മെസ്സി നേടിയിട്ടുണ്ട്. മെസ്സിയും സുവാരസും തന്നെയാണ് മയാമിയെ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *