മകന്റെ പ്രകടനം കാണണം, ഇന്റർ മയാമി അക്കാദമിയിലെത്തി ലയണൽ മെസ്സി.
സൂപ്പർ താരം ലയണൽ മെസ്സി അറ്റ്ലാന്റ യുണൈറ്റഡിനെതിരെയുള്ള ഇന്റർ മയാമിയുടെ മത്സരം കളിച്ചിരുന്നില്ല. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ മെസ്സി ടീമിനോടൊപ്പം സഞ്ചരിച്ചിരുന്നില്ല.അദ്ദേഹം മയാമിയിൽ തന്നെ തുടരുകയായിരുന്നു. മത്സരത്തിൽ വമ്പൻ തോൽവിയാണ് അറ്റ്ലാന്റ യുണൈറ്റഡിനോട് ഇന്റർ മയാമി വഴങ്ങിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് മത്സരത്തിൽ അറ്റ്ലാന്റ വിജയിക്കുകയായിരുന്നു.
ഏതായാലും മയാമിയിൽ തന്നെ തുടർന്ന ലയണൽ മെസ്സി കഴിഞ്ഞ ദിവസം ഇന്റർ മയാമിയുടെ അക്കാദമി സന്ദർശിച്ചിട്ടുണ്ട്.വെറുതെ സന്ദർശിച്ചതല്ല, തന്റെ മകനായ തിയാഗോ മെസ്സിയുടെ പ്രകടനം വീക്ഷിക്കാൻ വേണ്ടിയാണ് മെസ്സി അക്കാദമിയിലെത്തിയിരുന്നത്. മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ മറ്റു മക്കളായ മാറ്റിയോ,സിറോ എന്നിവരും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
الأسطورة ميسي مع ماتيو وسيرو في أكاديمية إنتر ميامي يشاهدون مباراة تياغو 😍🦩 pic.twitter.com/M8CqlgGJC0
— Messi Xtra (@M30Xtra) September 16, 2023
ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിന്റെ താരമാണ് തിയാഗോ മെസ്സി. അദ്ദേഹം ദിവസങ്ങൾക്ക് മുന്നേ അണ്ടർ 12 ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.ഇന്റർ മയാമി തന്നെയായിരുന്നു അക്കാര്യം സ്ഥിരീകരിച്ചിരുന്നത്.തിയാഗോയുടെ പ്രകടനം വീക്ഷിക്കാൻ എത്തിയ ലയണൽ മെസ്സി അദ്ദേഹത്തിന് നിർദ്ദേശങ്ങൾ നൽകുന്ന ദൃശ്യങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്. ലയണൽ മെസ്സിയുടെ പാതയിൽ തന്നെയാണ് തിയാഗോ മെസ്സിയും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. 11 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ഇന്ററിന്റെ എതിരാളികൾ ടോറോന്റോയാണ്.ആ മത്സരത്തിൽ ലയണൽ മെസ്സി മടങ്ങി എത്തിയേക്കും.