ഫിഫ മെസ്സിക്കും ഇന്റർമയാമിക്കും അനുകൂലമായി നിലകൊള്ളുന്നു: വൻ വിമർശനവുമായി മുൻ അമേരിക്കൻ താരം!
2025 ജൂൺ മാസത്തിലാണ് പുതിയ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അരങ്ങേറുന്നത്. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ വേൾഡ് കപ്പ് നടക്കുന്നത്. ഇത്തവണ കൂടുതൽ വിപുലമായ രീതിയിലേക്ക് ക്ലബ്ബ് വേൾഡ് കപ്പ് മാറിയിട്ടുണ്ട്.32 ടീമുകളാണ് പങ്കെടുക്കുന്നത്. അതിലൊരു ടീം ഇന്റർമയാമിയാണ്. ഫിഫയുടെ ക്ഷണം ലഭിച്ചത് കൊണ്ടാണ് അവർക്ക് ക്ലബ്ബ് വേൾഡ് കപ്പിനെ യോഗ്യത ലഭിച്ചത്.
ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ അമേരിക്കൻ താരമായിരുന്ന അലക്സി ലാലാസ് രംഗത്ത് വന്നിട്ടുണ്ട്. ഫിഫ മെസ്സിക്കും ഇന്റർമയാമിക്കും അനുകൂലമായി നിലകൊള്ളുന്നു എന്നും പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്താനാണ് മെസ്സിയെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിലേക്ക് കൊണ്ടുവന്നത് എന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.ലാലാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഇന്റർമയാമിക്ക് ക്ലബ്ബ് വേൾഡ് കപ്പിലേക്ക് ക്ഷണം ലഭിച്ചത് ഒരല്പം വിചിത്രമാണ്. അവർക്ക് അവസരം നൽകിയത് മോശം ഇമേജ് ഉണ്ടാക്കുന്ന കാര്യമാണ്.ഈ പുതിയ ക്ലബ്ബ് വേൾഡ് കപ്പിന്റെ കാര്യത്തിൽ ഫിഫ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നുള്ളത് എനിക്കറിയാം. പക്ഷേ അവരിൽ നിന്ന് മെസ്സിക്കും ഇന്റർമയാമിക്കും ആനുകൂല്യം ലഭിക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ ക്ഷണം.മാത്രമല്ല ഫിഫ പ്രസിഡന്റ് ഈയിടെ പറഞ്ഞത് ആദ്യ മത്സരം മയാമിയിൽ വെച്ച് നടത്തുമെന്നാണ്. കാര്യങ്ങൾ വളരെ വ്യക്തമാണ്. ഫിഫ മെസ്സിക്കും ഇന്റർ മയാമിക്കും ഒപ്പമാണ്. ക്ലബ്ബ് വേൾഡ് കപ്പിനുള്ള ഒരു പ്രമോഷൻ വാഹനമായി കൊണ്ടാണ് ഫിഫ മെസ്സിയെ ഉപയോഗപ്പെടുത്തുന്നത് “ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.
എംഎൽഎസിലെ ഷീൽഡ് ജേതാക്കളാണ് ഇന്റർമയാമി. എന്നാൽ ഇതുകൊണ്ടാണ് അവർക്ക് യോഗ്യത നൽകിയത് എന്ന വാദങ്ങളിൽ കഴമ്പില്ല. കാരണം എംഎൽഎസ് കപ്പ് ജേതാക്കൾ അപ്പോഴും പുറത്തിരിക്കേണ്ടി വന്നേക്കും.ഇന്റർമയാമിക്ക് മുൻഗണന നൽകിയതിൽ പലരും വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.