പ്രതിഷേധം ഫലം കണ്ടു,മെസ്സിയും സംഘവും ഹോട്ടൽ മാറി,നന്ദി പറഞ്ഞ് സംഘടന!

അമേരിക്കൻ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ ലോസ് ഏഞ്ചലസ് എഫ്സിയാണ്. വരുന്ന തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.LAFC യുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.അതുകൊണ്ടുതന്നെ ലയണൽ മെസ്സിയും സംഘവും കാലിഫോർണിയയിൽ എത്തിയിരുന്നു.

അവിടുത്തെ പ്രശസ്ത ഹോട്ടൽ ആയ ഫെയർമോന്റ് മിറാമർ ഹോട്ടലിൽ താമസിക്കാനായിരുന്നു ഇന്റർ മയാമി ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ അവിടെ നടക്കുന്നത്. അതായത് വേതനം വർദ്ധിപ്പിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് തൊഴിലാളികൾ അവിടെ സമരം ചെയ്യുകയാണ്. തൊഴിലാളി സംഘടനകൾക്ക് കീഴിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇപ്പോൾ സമരത്തിൽ പങ്കാളികളായിരിക്കുന്നത്.

മെസ്സിയും സംഘവും ഈ ഹോട്ടലിലേക്ക് വരുന്നതിൽ തൊഴിലാളികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ലയണൽ മെസ്സിയോടും ഇന്റർമയാമി താരങ്ങളോടും തൊഴിലാളികൾ സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ ഹോട്ടലിൽ നിന്നും മാറി നിൽക്കണം എന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആവശ്യം.ഇത് ലയണൽ മെസ്സിയും ഇന്റർ മയാമിയും ഇപ്പോൾ പരിഗണിച്ചിട്ടുണ്ട്. അവർ തങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തുകയും ഈ ഹോട്ടലിൽ താമസിക്കില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മെസ്സിക്കും ഇന്റർ മയാമിക്കും നന്ദി പറഞ്ഞുകൊണ്ട് തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇന്റർ മയാമി സമനില വഴങ്ങിയിരുന്നു.അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ വിജയം നിർണായകമാണ്.MLS ന്റെ പ്ലേ ഓഫിലേക്ക് കടക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്റർ മയാമി വിജയിക്കേണ്ടതുണ്ട്.LAFC ക്കെതിരെയുള്ള ഈ മത്സരത്തിനുശേഷം മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ചേരും.

Leave a Reply

Your email address will not be published. Required fields are marked *