പിതാവിന്റെ വഴിയെ മകനും,തിയാഗോ മെസ്സി ഇനി ഇന്റർ മയാമി താരം!
ഇന്റർ മയാമിയിൽ എത്തിയതിന് ശേഷം തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുക്കുന്നത്.മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട്.9 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. കൂടാതെ ലീഗ്സ് കപ്പ് കിരീടവും ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
ഏതായാലും മെസ്സിയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയും ഇപ്പോൾ ഇന്റർ മയാമിയുടെ ഭാഗമായിട്ടുണ്ട്. അതായത് തിയാഗോ മെസ്സി അക്കാദമിയിൽ ഇപ്പോൾ ചേർന്നിട്ടുണ്ട്.തിയാഗോ ഉടൻതന്നെ അക്കാദമിയിൽ ഫുട്ബോൾ പരിശീലിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 10 വയസ്സുള്ള തിയാഗോ ലയണൽ മെസ്സിയുടെ മൂത്ത മകനാണ്.
Thiago Messi is joining Inter Miami's academy 👀🔥
— ESPN FC (@ESPNFC) August 27, 2023
(h/t @IMCFTraveller) pic.twitter.com/BCuPRhY4oX
ഇന്റർ മയാമിയുടെ അക്കാദമി പ്രശസ്തിയോ ചരിത്രമോ ഉള്ളതല്ല. എന്നാൽ ഭാവിയിലേക്ക് മികച്ച രൂപത്തിലുള്ള പ്രോജക്ടുകൾ അവർ നടപ്പിലാക്കി വരുന്നുണ്ട്.നിലവിൽ ലയണൽ മെസ്സിയും കുടുംബവും ഫ്ലോറിഡയിലാണ് താമസിക്കുന്നത്. കൂടുതൽ സൗകര്യപ്രദമായതിനാലാണ് തിയാഗോയെ ഇന്റർമയാമിയുടെ അക്കാദമിയിൽ തന്നെ ചേർത്തിട്ടുള്ളത്. 2025 വരെയുള്ള ഒരു കരാറിലാണ് ലയണൽ മെസ്സി ഒപ്പു വെച്ചിട്ടുള്ളത്. മെസ്സി മയാമിയിൽ തുടരുന്നിടത്തോളം കാലം തിയാഗോയും അവിടെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുടുംബവുമായി വളരെ സന്തോഷത്തോടുകൂടിയാണ് ലയണൽ മെസ്സി മയാമിയിൽ ഇപ്പോൾ തുടരുന്നത്.കൂടാതെ കളത്തിനകത്ത് മികച്ച പ്രകടനം നടത്താനും ഇപ്പോൾ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി രണ്ടു മത്സരങ്ങൾ മെസ്സി കളിച്ചേക്കും. അതുകൊണ്ടുതന്നെ മയാമിയുടെ ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.