പരിചയമില്ലാത്ത കാര്യമല്ലേ? മെസ്സിയുടെ ബാലൺഡി’ഓറിന്റെ കാര്യത്തിൽ ഇന്റർ മയാമിക്ക് വൻ അബദ്ധം പിണഞ്ഞു.
തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിട്ടുള്ളത്. പാരീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ഈ അവാർഡ് കൈമാറിയത്. എല്ലാ താരങ്ങളും സ്റ്റാൻഡിങ് ഓവിയേഷൻ നൽകി കൊണ്ടാണ് മെസ്സിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുള്ള താരമായി മാറാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
ലയണൽ മെസ്സി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ്. ആദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബിൽ കളിക്കുന്ന താരം ബാലൺഡി’ഓർ പുരസ്കാരം നേടുന്നത്.ബാലൺഡി’ഓർ എന്നുള്ളത് അമേരിക്കൻ ലീഗിനോ അതല്ലെങ്കിൽ ഇന്റർ മയാമിക്കോ ഒട്ടും പരിചയമില്ലാത്ത ഒരു കാര്യമാണ്. അത് തെളിയിക്കുന്ന ഒരു വലിയ അബദ്ധം ഇന്നലെ ഇന്റർ മയാമിക്ക് പറ്റിയിട്ടുണ്ട്.
Felicidades ME♾SI 🏆#LION8LdOr | @ballondor pic.twitter.com/cpOiFNiIjD
— Inter Miami CF (@InterMiamiCF) October 30, 2023
എന്തെന്നാൽ മെസ്സി ബാലൺഡി’ഓർ നേടിയത് പ്രഖ്യാപിച്ചുകൊണ്ട് ഇന്റർ മയാമി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.എട്ട് ബാലൺഡി’ഓറുകൾ അടങ്ങിയ ഒരു വീഡിയോയാണ് അവർ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ പ്രധാനപ്പെട്ട ബാലൺഡി’ഓറിൽ അവർ എഴുതിയിട്ടുള്ളത് ഫിഫ ബാലൺഡി’ഓർ 2023 എന്നാണ്.യഥാർത്ഥത്തിൽ ഇത് തെറ്റാണ്. നിലവിൽ ബാലൺഡി’ഓർ നൽകുന്നതിൽ ഫിഫക്ക് യാതൊരുവിധ പങ്കുമില്ല.
അതായത് 2015 വരെയായിരുന്നു ഫിഫയും ഫ്രാൻസ് ഫുട്ബോൾ മാഗസിനും ഒരുമിച്ച് ചേർന്നുകൊണ്ട് ബാലൺഡി’ഓറുകൾ നൽകിയിരുന്നത്. അതിനുശേഷം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഒറ്റക്ക് തന്നെയാണ് ബാലൺഡി’ഓർ നൽകിപ്പോരുന്നത്. പക്ഷേ ഇന്റർ മയാമി ഫിഫ ബാലൺഡി’ഓർ എന്ന് നൽകുകയായിരുന്നു. ഈ തെറ്റ് ഗോൾ ഡോട്ട് കോം അടക്കമുള്ളവർ കണ്ടെത്തുകയും വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും മെസ്സിക്ക് ബാലൺഡി’ഓർ ലഭിച്ചത് മയാമിക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.