താരസമ്പന്നമാവാൻ ഇന്റർ മയാമി, ലക്ഷ്യമിടുന്നത് നിരവധി സൂപ്പർതാരങ്ങളെ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് ഇന്റർ മയാമിയെ ഫുട്ബോൾ ലോകം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്. അതിന് പിന്നാലെ ലയണൽ മെസ്സിയുടെ സുഹൃത്തുക്കളായ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇന്റർ മയാമിയിൽ എത്തി. പിന്നീട് എല്ലാവരും ചേർന്നുകൊണ്ട് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ മെസ്സി വരുന്നതിനു മുന്നേ ഈ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്റർ മയാമി നടത്തിയിരുന്നത്.സീസണിന്റെ അവസാനത്തിലും അത് ആവർത്തിച്ചു.ഇതിന്റെയൊക്കെ പരിണിതഫലമായിക്കൊണ്ട് എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്റർ മയാമി അധികൃതരുള്ളത്.

ഇന്റർ മയാമിയുടെ പ്രധാനപ്പെട്ട സ്ട്രൈക്കർ ആയ ജോസഫ് മാർട്ടിനസ് ക്ലബ്ബ് വിടുകയാണ്.അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ക്ലബ്ബ് കൊണ്ടുവരാൻ ശ്രമിക്കുന്നത് സൂപ്പർ താരം ലൂയിസ് സുവാരസിനെയാണ്.ഗ്രിമിയോ വിടാനുള്ള ശ്രമങ്ങൾ സുവാരസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് തീർച്ചയായും മയാമിക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും. മധ്യനിരയിലേക്ക് മയാമി എത്തിക്കാൻ ശ്രമിക്കുന്ന താരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലൂക്ക മോഡ്രിച്ചാണ്. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ അദ്ദേഹം റയലിൽ ഹാപ്പി അല്ല.ഈയിടെ ഡേവിഡ് ബെക്കാം അദ്ദേഹവുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.

എഫ്സി ബാഴ്സലോണയുടെ സെർജി റോബർട്ടോ മയാമിയിലേക്ക് എത്താനുള്ള സാധ്യതകൾ ഉണ്ട്. അതേസമയം വമ്പൻ താരങ്ങളെ എത്തിക്കുന്നതിൽ അമേരിക്കൻ ലീഗിലെ ചില നിയമങ്ങൾ തടസ്സമാണ്.അതുകൊണ്ടുതന്നെ ഒരുപാട് സൂപ്പർതാരങ്ങളെ എത്തിക്കാൻ മയാമിക്ക് കഴിയില്ല. എന്നിരുന്നാലും മികച്ച താരങ്ങൾ വരുന്ന ജനുവരിയിൽ അവിടേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *