ജേഴ്‌സി വിൽപ്പനയിൽ ക്രിസ്റ്റ്യാനോയെ പിന്തള്ളി പുതിയ റെക്കോർഡിട്ട് മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന രൂപത്തിലുള്ള ഒരു തുടക്കമാണ് കുറിച്ചിരിക്കുന്നത്. കേവലം 3 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 5 ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു.മാത്രമല്ല ലയണൽ മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും മിയാമി പരാജയപ്പെട്ടിട്ടില്ല.എല്ലാ മത്സരങ്ങളിലും ഇന്റർ മിയാമി വിജയിക്കുകയായിരുന്നു.

മെസ്സിയുടെ വരവ് മാനസികമായി തന്നെ ഇന്റർ മിയാമി താരങ്ങൾക്ക് വലിയ ഊർജ്ജം പകർന്നു നൽകിയിട്ടുണ്ട്. കളത്തിന് അകത്തും കളത്തിന് പുറത്തും മെസ്സിയുടെ സ്വാധീനം വളരെ വലുതാണ്. ലയണൽ മെസ്സി ഇന്റർ മിയാമിലേക്ക് വന്നതിന് പിന്നാലെ ജേഴ്സി വില്പനയുടെ കാര്യത്തിൽ ഒരു പുതിയ റെക്കോർഡ് ഇപ്പോൾ പിറന്നിട്ടുണ്ട്. കായികലോകത്ത് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജഴ്സി എന്ന റെക്കോർഡാണ് ഇപ്പോൾ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ഫനാറ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ESPN ആണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനു മുൻപ് ഈ റെക്കോർഡ് ക്രിസ്റ്റ്യാനോക്ക് സ്വന്തമായിരുന്നു. 2021ൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സമയത്ത് റെക്കോർഡ് ജേഴ്‌സി വിൽപ്പനയായിരുന്നു 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയിരുന്നത്.അതാണ് ലയണൽ മെസ്സി മറികടന്നിട്ടുള്ളത്. 2020ൽ ടോം ബ്രാഡിയും 2018 ൽ ലെബ്രോൺ ജെയിംസും ഈ റെക്കോർഡുകൾ തങ്ങളുടെ കൈവശം വെച്ചിരുന്നു.

ലയണൽ മെസ്സിയുടെ ഒഫീഷ്യൽ ജേഴ്സികൾ നിർമ്മിക്കുന്നത് പ്രമുഖ ബ്രാൻഡായ അഡിഡാസ് ആണ്. എന്നാൽ ഡിമാന്റിന് അനുസരിച്ചുള്ള സപ്ലൈ നടത്താൻ അവർക്ക് ഇപ്പോൾ സാധിക്കുന്നില്ല.ഒക്ടോബറിൽ മാത്രമായിരിക്കും പുതിയ ഓർഡറുകൾ സ്വീകരിക്കുക എന്നത് അഡിഡാസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി മികച്ച പ്രകടനം തുടരുന്നത് കൊണ്ട് തന്നെ എല്ലാവരും വളരെ ആവേശപൂർവ്വമാണ് ഇപ്പോൾ അമേരിക്കൻ ഫുട്ബോളിനെ നോക്കിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *