ക്രിസ്റ്റ്യാനോക്കെതിരെ കളിക്കണം, ബ്രസീലിയൻ ക്ലബ്ബിനെ വേണ്ടെന്നുവെച്ച് മെസ്സിയുടെ ക്ലബ്ബ്!

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചിരുന്നില്ല. ഇനി ജനുവരി മാസത്തിലാണ് പ്രീ സീസൺ ഒരുക്കങ്ങൾ ഇന്റർ മയാമി ആരംഭിക്കുക. കുറച്ച് സൗഹൃദ മത്സരങ്ങൾ കളിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്.

ബ്രസീലിയൻ വമ്പൻമാരായ ഫ്ലമെങ്കോക്കെതിരെ ഒരു മത്സരം കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിരുന്നു. വരുന്ന ജനുവരിയിൽ മയാമിയും ഫ്ലമെങ്കോയും തമ്മിൽ ഏറ്റുമുട്ടാനായിരുന്നു തീരുമാനിച്ചിരുന്നത്. മറ്റൊരു അമേരിക്കൻ ക്ലബ്ബായ ഒർലാന്റോ സിറ്റിക്കെതിരെയും ഫ്ലമെങ്കോ സൗഹൃദ മത്സരം ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും ഇന്റർ മയാമി ഇപ്പോൾ പിൻവാങ്ങിയിട്ടുണ്ട്. മറ്റു ചില പദ്ധതികളാണ് ഇപ്പോൾ ഇന്റർ മയാമിക്ക് ഉള്ളത്.

അതായത് സൗദി അറേബ്യയിൽ നിന്നും ആകർഷകമായ ഒരു ഓഫർ ഈ അമേരിക്കൻ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്. അതായത് റിയാദ് കപ്പ് സീസണിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് മെസ്സിയുടെ അമേരിക്കൻ ക്ലബ്ബിന് ലഭിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ, നെയ്മർ ജൂനിയറുടെ അൽ ഹിലാൽ എന്നിവരാണ് റിയാദ് കപ്പിൽ പങ്കെടുക്കുന്ന മറ്റുള്ള ടീമുകൾ. ഈ ക്ലബ്ബുകൾക്കെതിരെയായിരിക്കും ഇന്റർ മയാമി കളിക്കുക. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണങ്ങൾ ഇനി വരേണ്ടതുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവസാനമായി ഏറ്റുമുട്ടുന്ന മത്സരം വരുന്ന ജനുവരിയിൽ നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടിയിരുന്നു.അന്ന് റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഏതായാലും ഈ റിയാദ് കപ്പ് സീസണിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഫ്ലമെങ്കോയുമായുള്ള മത്സരം ഇന്റർ മയാമി ഉപേക്ഷിച്ചിട്ടുള്ളത്.മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടുന്ന മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *