കോൺട്രാക്ടിൽ 45 മിനിറ്റ് കളിപ്പിക്കണം,മെസ്സിയും മയാമിയും പാലിച്ചില്ല, തങ്ങളെ പറ്റിച്ചുവെന്ന് ആരാധകർ!

ഹോങ്കോങ്ങ് ടീമിനെതിരെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി വിജയിച്ചത്. ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. ഒരു മിനിറ്റ് പോലും അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. പരിക്ക് കാരണമായിരുന്നു മെസ്സി മാറിനിന്നത്.

പക്ഷേ ഇത് ഹോങ്കോങ്ങില്‍ വലിയ വിവാദമായിട്ടുണ്ട്.ആരാധകരുടെ പ്രതിഷേധം കനത്തതോടുകൂടി ഗവൺമെന്റ് ഓർഗനൈസേഴ്സ്നോട് വിശദീകരണം തേടിയിട്ടുണ്ട്.അതിനൊരു വിശദീകരണം ഓർഗനൈസേഷൻ നൽകിയിട്ടുമുണ്ട്. ചുരുങ്ങിയത് 45 മിനിറ്റ് എങ്കിലും ലയണൽ മെസ്സിയെ കളിപ്പിക്കണം എന്ന് കോൺട്രാക്ട് ഉണ്ടായിരുന്നു. എന്നാൽ ലയണൽ മെസ്സിയും ഇന്റർ മയാമിയും ആ കരാർ ലംഘിക്കുകയായിരുന്നു. മെസ്സി കളിക്കാൻ എത്തിയില്ല.

മാത്രമല്ല ലയണൽ മെസ്സി കളിക്കില്ല എന്നുള്ള കാര്യം ഇന്റർ മയാമി നേരത്തെ തങ്ങളെ അറിയിച്ചില്ലെന്നും ഓർഗനൈസേഴ്സ് ആരോപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഇന്റർ മയാമിയാണ് ഇവിടെ കുറ്റക്കാർ എന്നാണ് ഏഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനിടെ ആരാധകരുടെ പ്രതിഷേധം വളരെ വ്യാപകമാവുകയാണ്. തട്ടിപ്പിനിരയായതു പോലെയാണ് തങ്ങൾക്ക് അനുഭവപ്പെടുന്നത് എന്നാണ് ഒരു ആരാധകൻ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ ചിത്രങ്ങൾ വെച്ച് കൊണ്ട് ഈ മത്സരത്തിന്റെ മാർക്കറ്റിംഗ് നടത്തിയിട്ട് മെസ്സിയെ കളിപ്പിക്കാത്തത് വലിയ തട്ടിപ്പ് തന്നെയാണെന്നും ഈ ആരാധകൻ ആരോപിച്ചിട്ടുണ്ട്. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഹോങ്കോങ്ങിൽ ഇപ്പോൾ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്.

പതിവിൽ നിന്നും വിപരീതമായി കൊണ്ട് വലിയ തുകയാണ് ഈ മത്സരം കാണാൻ വേണ്ടി ആരാധകർക്ക് മുടക്കേണ്ടി വന്നിട്ടുള്ളത്.അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ രൂപത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നതും. നിലവിൽ ജപ്പാനിലാണ് മെസ്സിയും ഇന്റർ മയാമിയും ഉള്ളത്. മത്സരത്തിൽ താൻ കളിക്കാൻ ശ്രമിക്കും എന്നുള്ള കാര്യം ലയണൽ മെസ്സി തന്നെ പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *