ഒന്നുകിൽ ഒളിമ്പിക്സ്, അല്ലെങ്കിൽ കോപ്പ, രണ്ടും കൂടി നടപ്പില്ല:സൂപ്പർ താരത്തോട് മയാമി പരിശീലകൻ.

ഈ വർഷം ജൂൺ മാസം 21 ആം തീയതി മുതൽ ജൂലൈ പതിനഞ്ചാം തീയതി വരെയാണ് കോൺമെബോളിന്റെ കോപ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്.അമേരിക്കയിൽ വെച്ചുകൊണ്ട് തന്നെയാണ് ഇത് നടത്തുന്നത്.അതിനുശേഷം ഒളിമ്പിക്സ് ഫുട്ബോൾ നടക്കുന്നുണ്ട്. ജൂലൈ 24 ആം തീയതി മുതൽ ഓഗസ്റ്റ് പത്താം തീയതി വരെയാണ് ഒളിമ്പിക് ഫുട്ബോൾ നടക്കുക.ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് അരങ്ങേറുന്നത്.

വരുന്ന കോപ്പ അമേരിക്കക്കും ഒളിമ്പിക് ഫുട്ബോളിനും യോഗ്യത നേടിയ രാജ്യമാണ് പരാഗ്വ.പരാഗ്വയുടെ സൂപ്പർ താരമായ ഡിയഗോ ഗോമസ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ട് ടൂർണമെന്റ്കളിലും തന്റെ ദേശീയ ടീമിനു വേണ്ടി കളിക്കാൻ ഗോമസിന് ആഗ്രഹമുണ്ട്.പക്ഷേ മയാമി അതിന് അനുവദിച്ചിട്ടില്ല. ഏതെങ്കിലും ഒരു ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതിയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഇക്കാര്യം മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഡിയഗോ ഗോമസിനോട് സംസാരിച്ചിട്ടുണ്ട്. ഒന്നുകിൽ കോപ്പ അമേരിക്കയിൽ പങ്കെടുക്കാം, അല്ലെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുക്കാം.രണ്ടിലും പങ്കെടുക്കാൻ സാധിക്കുകയില്ല, കാര്യം ഞങ്ങൾ അദ്ദേഹത്തോട് പറയുകയും ചെയ്തിട്ടുണ്ട് ” ഇതാണ് ഇന്റർ മയാമിയുടെ അർജന്റൈൻ പരിശീലകനായ മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

ഈ നിലപാട് ലയണൽ മെസ്സിയുടെ കാര്യത്തിലും ഇന്റർ മയാമി സ്വീകരിക്കുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.കോപ്പ അമേരിക്കയിൽ അർജന്റീന ദേശീയ ടീമിനെ ലയണൽ മെസ്സി തന്നെയാണ് നയിക്കുക.ഒളിമ്പിക്സിലും മെസ്സി തന്നെ നയിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. പരിശീലകൻ മശെരാനോ ഉൾപ്പെടെയുള്ളവർ മെസ്സിയെ ഒളിമ്പിക് ടീമിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മയാമി 2 ടൂർണമെന്റുകളിലേക്കും മെസ്സിയെ അയക്കാൻ സമ്മതിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *