എല്ലാവരേയും ഞാനിങ്ങനെ ടാക്കിൾ ചെയ്യാറുണ്ട്, ഭീഷണികൾ ലഭിച്ചു :മെസ്സിയെ വീഴ്ത്തിയ നാഷ് വില്ലെ താരം പറയുന്നു.

കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് നാഷ് വില്ലെ എസ്സിയോട് അവർ തോൽവി മുന്നിൽ കണ്ടിരുന്നു.പക്ഷേ ലയണൽ മെസ്സി,ലൂയിസ് സുവാരസ്‌ എന്നിവരുടെ മികവിൽ ഇന്റർ മയാമി സമനില പിടിച്ചെടുക്കുകയായിരുന്നു.ഇനി രണ്ടാം പാദ മത്സരം നാളെയാണ് നടക്കുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45ന് മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

കഴിഞ്ഞ മത്സരത്തിനിടയിൽ ലയണൽ മെസ്സിക്ക് ഗുരുതരമായി ഒരു ഫൗൾ ഏൽക്കേണ്ടി വന്നിരുന്നു.നാഷ് വില്ലെ താരമായ ലുകാസ് മക്നോട്ടൻ വളരെ അപകടകരമായ രീതിയിൽ മെസ്സിയെ ടാക്കിൾ ചെയ്യുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് മെസ്സി ഗുരുതര പരിക്കിൽ നിന്നും രക്ഷപ്പെട്ടത്. എന്നാൽ ഇതിനെ ന്യായീകരിച്ചുകൊണ്ട് ഈ താരം ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരെയും ടാക്കിൾ ചെയ്യുന്നത് പോലെയുള്ള ഒരു ടാക്കിളാണ് മെസ്സിക്കെതിരെയും നടത്തിയത് എന്നാണ് ലുകാസ് പറഞ്ഞിട്ടുള്ളത്. ഇതേ തുടർന്ന് മെസ്സി ആരാധകരിൽ നിന്ന് അധിക്ഷേപങ്ങളും ഭീഷണികളും തനിക്ക് ലഭിച്ചുവെന്നും ലുകാസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇത്തരത്തിലുള്ള ടാക്കിളുകൾ തന്നെയാണ് താരങ്ങൾക്കെതിരെ നടത്താറുള്ളത്. ഇത് അതിൽ പെട്ട മറ്റൊരു ടാക്കിൾ മാത്രം.അല്ലാതെ മറ്റൊന്നുമില്ല. പക്ഷേ അധിക്ഷേപങ്ങളും ഭീഷണി കളും എല്ലായിടത്തും ഒരുപോലെയാണ്. എനിക്ക് ഓൺലൈനിലൂടെ ഒരുപാട് അബ്യൂസ് നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ ഞാൻ കളിക്കാൻ റെഡിയാണ്. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ എന്നെ ബാധിക്കാൻ പോകുന്നില്ല “ഇതാണ് ലുകാസ് പറഞ്ഞിട്ടുള്ളത്.

നാളത്തെ മത്സരത്തിൽ ലയണൽ മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മോൻട്രിയലിനോട് ഇന്റർ മയാമി ആ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ നാളത്തെ മത്സരം ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. എന്തെന്നാൽ നോർത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോൺകകാഫ് ചാമ്പ്യൻസ് കപ്പ്.

Leave a Reply

Your email address will not be published. Required fields are marked *