എതിരാളികൾ പോലും മെസ്സിയെ സ്നേഹിക്കുന്നു, തന്നെ പോലും ഇങ്ങനെ സ്നേഹത്തോടെ നോക്കിയിട്ടില്ലെന്ന് എതിർതാരത്തിന്റെ ഭാര്യ!

കഴിഞ്ഞ ലീഗ്സ് കപ്പ് സെമി ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്റർ മയാമി നേടിയിരുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫിലാഡൽഫിയ യൂണിയനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയും ഗോൾ നേടിയിരുന്നു. വിജയത്തോടുകൂടി ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസ്സി വന്നതുകൊണ്ട് തന്നെ അമേരിക്കൻ ഫുട്ബോൾ ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അമേരിക്കയിൽ വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. എതിർ താരങ്ങൾ പോലും ലയണൽ മെസ്സിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഫിലാഡൽഫിയ യൂണിയന്റെ താരമായ ഡാനിയൽ ഗാസ്ഡാഗ് തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിയെ വളരെ സ്നേഹത്തോടുകൂടി നോക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ പോസ്റ്റിന് കീഴിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ രസകരമായ ഒരു കമന്റ് ഉണ്ട്. ഡാനിയലിന്റെ ഭാര്യയായ ഗ്രറ്റ ഗാലിന്റെ കമന്റ് ഇങ്ങനെയാണ്. അദ്ദേഹം എന്നെ പോലും ഇങ്ങനെ ഒരിക്കലും നോക്കിയിട്ടില്ല എന്നായിരുന്നു കമന്റ്.കൂടെ ചിരിക്കുന്ന ഇമോജികളുമുണ്ട്. അതായത് തന്നെക്കാളേറെ അദ്ദേഹം ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നു എന്നാണ് ഇവർ ഉദ്ദേശിച്ചിരിക്കുന്നത്. ഏതായാലും ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഓരോ മത്സരത്തിനു ശേഷവും ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹത്തിന്റെ ജേഴ്സി സ്വന്തമാക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ നിരവധിപേർ എത്താറുണ്ട്. അതിൽ എതിർ താരങ്ങളും ഉണ്ടാവാറുണ്ട്. തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ അമേരിക്കയിൽ നടത്തുന്നത്. 9 ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *