ഇവിടെ കുറച്ചുകൂടി അധ്വാനിക്കേണ്ടി വരും: മെസ്സിക്ക് എതിർ താരത്തിന്റെ മുന്നറിയിപ്പ്.

ലയണൽ മെസ്സിക്ക് സ്വപ്നതുല്യമായ ഒരു തുടക്കമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ ലഭിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്നായി വളരെ കുറഞ്ഞ സമയം മാത്രം കളിച്ച മെസ്സി നാല് ഗോളുകളിൽ പങ്കാളിത്തം അറിയിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ഇനി ലീഗ്സ് കപ്പിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഒർലാന്റോ സിറ്റിയാണ് മിയാമിയുടെ എതിരാളികൾ.

മെസ്സി ഇതുവരെ എംഎൽഎസിൽ അരങ്ങേറ്റം നടത്തിയിട്ടില്ല.ഇപ്പോഴിതാ ലയണൽ മെസ്സിക്ക് ചില ഉപദേശങ്ങൾ മെക്സിക്കൻ താരമായ കാർലോസ് വേല നൽകിയിട്ടുണ്ട്.MLS ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിക്ക് വേണ്ടിയാണ് വേല കളിക്കുന്നത്. യൂറോപ്പിലെ പോലെ ഒരു സ്ട്രൈക്കർക്ക് ഇവിടെ കാര്യങ്ങൾ എളുപ്പമാവില്ലെന്നും കൂടുതൽ അധ്വാനിക്കേണ്ടി വരുമെന്നുമാണ് വേല പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി അദ്ദേഹത്തിന്റെ ഫുട്ബോൾ നന്നായി ആസ്വദിക്കുന്നുണ്ട്.കളിക്കളത്തിൽ അദ്ദേഹം ചെയ്യാൻ തീരുമാനിക്കുന്ന കാര്യങ്ങൾ തികച്ചും അസാധാരണമാണ്. ഒരുപാട് വർഷങ്ങൾ യൂറോപ്പിൽ ചിലവഴിച്ചു കൊണ്ടാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്. യൂറോപ്പിൽ സ്ട്രൈക്കർമാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്.എന്തെന്നാൽ മറ്റുള്ളവരുടെ സർവീസ് നന്നായി ലഭിക്കും. നമുക്ക് ജോലി ഫിനിഷ് ചെയ്താൽ മാത്രം മതി.എന്നാൽ അമേരിക്കയിൽ അങ്ങനെയല്ല. ഇവിടെ കൂടുതൽ അധ്വാനിക്കേണ്ടി വരും. തീർച്ചയായും ഇവിടെ ജീവിത നിലവാരം വളരെ ഉയർന്നതാണ്.മികച്ച ഒരു ലൈഫ് മെസ്സിക്ക് ലഭിക്കും. മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു കംഫർട്ടബിളായ സ്ഥലമാണ്. കൂടുതൽ സമാധാന പൂർണ്ണമായ ഒരു ജീവിതം മെസ്സിക്ക് ഈ രാജ്യത്ത് ലഭിക്കും “ഇതാണ് കാർലോസ് വേല പറഞ്ഞിട്ടുള്ളത്.

മേജർ ലീഗ് സോക്കറിലെ മെസ്സിയുടെ അരങ്ങേറ്റം ഓഗസ്റ്റ് 21 ആം തീയതിയാണ് ഉണ്ടാവുക. ഷാർലറ്റ് എഫ്സിക്കെതിരെയാണ് ഇന്റർ മിയാമി അന്ന് കളിക്കുക. ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിൽ ഈ ക്ലബ്ബ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *