ഇനി മെസ്സിക്കൊപ്പം, അർജന്റീനയിൽ നിന്നും 20കാരനായ താരത്തെ പൊക്കി ഇന്റർ മിയാമി!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ പേരും പ്രശസ്തിയും വളരെയധികം വർദ്ധിച്ചിരുന്നു. ഇപ്പോൾ ഫുട്ബോൾ ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരു ക്ലബ്ബായി മാറാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ മറ്റൊരു ഇതിഹാസമായ സെർജിയോ ബുസ്ക്കെറ്റ്സിനെയും അവർ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ മികച്ച താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുമുണ്ട്.

ഇതിനിടയിൽ മറ്റൊരു പദ്ധതി കൂടി ഇന്റർ മിയാമി നടപ്പിലാക്കുന്നുണ്ട്.അതായത് ലയണൽ മെസ്സിയുടെ രാജ്യമായ അർജന്റീനയിൽ നിന്നും കൂടുതൽ യുവ പ്രതിഭകളെ ടീമിലേക്ക് കൊണ്ടുവരാനാണ് ഇന്റർ മിയാമി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആറോളം താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.ഇതിൽ ഒരു താരത്തെ ഇപ്പോൾ ഇന്റർമിയാമി സ്വന്തമാക്കി കഴിഞ്ഞു. 20 വയസ്സ് മാത്രം പ്രായമുള്ള ഫകുണ്ടോ ഫാരിയാസിനെയാണ് ഇന്റർ മിയാമി സ്വന്തമാക്കിയിട്ടുള്ളത്.ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

അർജന്റൈൻ ക്ലബ്ബായ കോളോണിന്റെ താരമാണ് ഫകുണ്ടോ ഫാരിയാസ്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലാണ് ഇതാരം കളിക്കുന്നത്.കോളോണിലൂടെ തന്നെ വളർന്ന് വന്ന താരമാണ് ഫാരിയാസ്. ഇന്റർ മിയാമിയുടെ അർജന്റൈൻ പരിശീലകനായ ടാറ്റ മാർട്ടിനോയാണ് ഈ യുവതാരങ്ങളെ ഇപ്പോൾ സ്കൗട്ട് ചെയ്യുന്നത്.ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഭാഗ്യമാണ് ഇപ്പോൾ ഫാരിയാസിനെ കാത്തിരിക്കുന്നത്.

തോമസ് അവിയെസ് ഉൾപ്പെടെയുള്ള ഒരുപാട് അർജന്റൈൻ യുവ പ്രതിഭകളെ ഇന്റർ മിയാമി ലക്ഷ്യം വെക്കുന്നുണ്ട്. നേരത്തെ ഇത്തരത്തിൽ മറ്റൊരു എംഎൽഎസ് ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് സ്വന്തമാക്കിയ താരമായിരുന്നു തിയാഗോ അൽമേഡ. അദ്ദേഹം ഇപ്പോൾ ക്ലബ്ബിനുവേണ്ടി അത്യുജ്ജ്വല പ്രകടനമാണ് പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *