ആഘോഷങ്ങൾക്ക് നിൽക്കാതെ ഉടൻതന്നെ ട്രെയിനിങ്ങിനെത്തി മെസ്സി, ഗംഭീര വരവേൽപ്പ്!
സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ താരം മെസ്സിയാണ്. ഒരുതവണയെങ്കിലും ബാലൺഡി’ഓർ അവാർഡ് നേടുക എന്നുള്ളത് പലർക്കും സ്വപ്നമായി അവശേഷിക്കുന്ന ഒരു സമയത്താണ് ലയണൽ മെസ്സി എട്ടെണ്ണം നേടി എന്നുള്ളത് തികച്ചും അത്ഭുതകരമായി തോന്നുന്നത്.
പാരീസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു ലയണൽ മെസ്സി ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.എന്നാൽ മെസ്സി അധികം ആഘോഷങ്ങൾക്കൊന്നും നിന്നിട്ടില്ല. ഉടൻതന്നെ ഇന്റർ മയാമിക്കൊപ്പം ലയണൽ മെസ്സി ട്രെയിനിങ്ങിന് എത്തുകയായിരുന്നു.മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബ് വരവേൽപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.അതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ അവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.
Bienvenido a casa, ganador 🏆 pic.twitter.com/ZKUv6FFyGr
— Inter Miami CF (@InterMiamiCF) October 31, 2023
എട്ട് തവണ നേടി എന്നതിനെ സൂചിപ്പിക്കുന്ന 8 എന്ന സംഖ്യയുടെ വലിയൊരു കട്ടൗട്ട് മെസ്സിക്ക് ഇവർ സമ്മാനിച്ചിട്ടുണ്ട്. ഇന്റർ മയാമി താരങ്ങൾ എല്ലാവരും അതിൽ ഒപ്പു വെച്ചിരുന്നു.താരങ്ങൾ എല്ലാവരും മെസ്സിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.കോൺഫെറ്റി കാനോൻസും ലയണൽ മെസ്സിക്ക് താരങ്ങൾ നൽകിയിരുന്നു. കൂടാതെ മെസ്സിയും ഇന്റർ മയാമി സ്‌ക്വാഡും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ജേതാവിന് വീട്ടിലേക്ക് സ്വാഗതം,പത്താം നമ്പറുകാരനെ 8 പുരസ്കാരങ്ങൾ എന്നിവയൊക്കെയാണ് ഇന്റർ മയാമി സോഷ്യൽ മീഡിയയിൽ ക്യാപ്ഷനായി കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതായാലും ഇന്റർ മയാമിയുടെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം ചില സൗഹൃദ മത്സരങ്ങൾ ക്ലബ്ബ് കളിക്കുന്നുണ്ട്.അതിനു മുന്നോടിയായുള്ള ട്രെയിനിങ് ആണ് ക്ലബ്ബിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.