അരങ്ങേറ്റത്തിന് പിന്നാലെ മെസ്സിക്ക് പണി കിട്ടിയേക്കും, നിയമലംഘനത്തിന് നടപടി സ്വീകരിക്കാൻ MLS.

കഴിഞ്ഞ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിലായിരുന്നു ലയണൽ മെസ്സി MLS ൽ അരങ്ങേറ്റം കുറിച്ചത്.മത്സരത്തിന്റെ ആദ്യ ഇലവനിൽ മെസ്സിയില്ലായിരുന്നു.പകരക്കാരനായി വന്ന മെസ്സി ഒരു ഗോൾ നേടുകയും ചെയ്തു. എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ഇന്റർ മയാമി വിജയിച്ചത്.

MLS ലെ നിയമപ്രകാരം മത്സരത്തിനു ശേഷം താരങ്ങൾ മാധ്യമങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിനു ശേഷം ലയണൽ മെസ്സിയായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പക്ഷേ മത്സരത്തിനുശേഷം മെസ്സി മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇത് നിയമലംഘനമാണ് എന്നുള്ള കാര്യം MLS കണ്ടെത്തിയിട്ടുണ്ട്. അവരുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

മെസ്സി മാധ്യമങ്ങളെ കാണുന്നില്ല എന്ന കാര്യം ഇന്റർമയാമിയുടെ സ്പോക്ക് പേഴ്സണായ മോളി ഡ്രസ്ക്കയാണ് അറിയിച്ചിരുന്നത്.മേജർ ലീഗ് സോക്കറിലെ നിയമപ്രകാരം ലയണൽ മെസ്സി ഇപ്പോൾ നിയമലംഘനം നടത്തിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ മെസ്സിക്കെതിരെ നടപടി വരാൻ സാധ്യതയുണ്ട് എന്നാണ് ഗോൾ ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ ഏതു രൂപത്തിലുള്ള ഒരു നടപടിയായിരിക്കും മെസ്സിക്കെതിരെ വരിക എന്നുള്ളത് വ്യക്തമല്ല.

ഏതായാലും മയാമിയിൽ മിന്നുന്ന പ്രകടനമാണ് മെസ്സി നടത്തുന്നത്. മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ഒരു മത്സരത്തിൽ മാത്രമാണ് മെസ്സിക്ക് ഗോൾ നേടാൻ ആവാതെ പോയത്. ആകെ കളിച്ച 9 മത്സരങ്ങളിൽ നിന്നും മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.ഇന്റർനാഷണൽ ബ്രേക്ക് കാരണം മെസ്സിക്ക് മയാമിയുടെ ചില മത്സരങ്ങൾ ഇനി നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *