സംതൃപ്തനല്ല, പിഎസ്ജി വിടാനൊരുങ്ങി ഈ സീസണിൽ ക്ലബിലെത്തിയ സൂപ്പർ താരം?

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു.അതിൽ ആദ്യമായി ടീമിലെത്തിയ താരമാണ് വൈനാൾഡം.ലിവർപൂളിൽ നിന്നും താരം എഫ്സി ബാഴ്സലോണയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെ പിഎസ്ജി താരത്തെ സ്വന്തമാക്കുകയായിരുന്നു.

എന്നാൽ പിഎസ്ജിയിൽ വൈനാൾഡത്തിന് കാര്യങ്ങൾ നല്ല രൂപത്തിലല്ല പുരോഗമിക്കുന്നത്. ലിവർപൂളിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന പരിഗണന നിലവിൽ പിഎസ്ജിയിൽ ലഭിക്കുന്നില്ല.പരിശീലകനായ പോച്ചെട്ടിനോ സ്ഥിരമായി താരത്തിന് അവസരങ്ങൾ നൽകുന്നില്ല.9 മത്സരങ്ങളിൽ മാത്രമാണ് ഇതുവരെ താരം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.3 ഗോളുകളും താരം നേടിയിട്ടുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെയും പിഎസ്ജിയിൽ വൈനാൾഡം സംതൃപ്തനല്ലെന്നും അദ്ദേഹം ക്ലബ് വിടാൻ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.കൂടാതെ വൈനാൾഡത്തെ സ്വന്തമാക്കാൻ ആഴ്സണൽ താല്പര്യം പ്രകടിപ്പിച്ചു എന്നുള്ള വാർത്തയും പുറത്തേക്ക് വന്നിട്ടുണ്ട്. സ്കൈ സ്‌പോർട്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ആർടെറ്റക്ക് വളരെയധികം താല്പര്യമുള്ള താരമാണ് വൈനാൾഡം. അതേസമയം താരത്തെ തിരിച്ചെത്തിക്കാൻ മുൻ ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനും താല്പര്യമുണ്ട്. ഇതോടൊപ്പം തന്നെ താരത്തിനായി വരുന്ന ഓഫറുകൾ പരിഗണിക്കാൻ പിഎസ്ജിയും തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും കാര്യങ്ങൾ ഏത് രൂപത്തിലാണ് പുരോഗമിക്കുന്നത് എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *