വംശീയാധിക്ഷേപം: നെയ്മർക്ക് ബ്രസീലിയൻ ഗവണ്മെന്റിന്റെ ഐക്യദാർഢ്യം !

വംശീയാധിക്ഷേപം നേരിട്ടുവെന്ന ആരോപണം ഉന്നയിച്ച സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ബ്രസീലിയൻ ഗവണ്മെന്റിന്റെ ഐക്യദാർഢ്യം. കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ ഗവണ്മെന്റിലെ മനുഷ്യാവാകാശ മന്ത്രാലയമാണ് നെയ്മർക്ക് പിന്തുണ പ്രഖ്യാപിച്ചത്. നെയ്മറെ പിന്തുണക്കുന്നതോടൊപ്പം എല്ലാ തരം വിവേചനങ്ങൾക്കുമെതിരെയും തങ്ങൾ പോരാടുമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഫുട്‍ബോളിൽ മറ്റൊരു റേസിസം കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതാദ്യമായല്ല നെയ്മർ ഇതിന് ഇരയാവുന്നതെന്നും നിറത്തിന്റെ പേരിലുള്ള എല്ലാ തരം വിവേചനങ്ങളും എതിർക്കപ്പെടേണ്ടതാണെന്നും നെയ്മർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബ്രസീലിയൻ മന്ത്രാലയം അറിയിച്ചു. ഫുട്‍ബോളിലെയും സമൂഹത്തിലെയും റേസിസം അവസാനിപ്പിക്കുന്നതിന് വേണ്ടി ബ്രസീലിയൻ ഗവണ്മെന്റ് മുന്നിലുണ്ടാവുമെന്നും ഇവർ പ്രസ്താവിച്ചു.

നെയ്മർക്ക് വംശീയാധിക്ഷേപം നേരിട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫ്രഞ്ച് ഫുട്ബോൾ ഗവേണിങ് ബോഡി ഇന്ന് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നെയ്മറുടെ ആരോപണം വ്യാജമാണ് എന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷയാണ് നെയ്മറെ കാത്തിരിക്കുന്നത്. മറുഭാഗത്ത് അൽവാരോ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാലും ഇത് തന്നെയാണ് സ്ഥിതി. താരത്തിനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികൾ ആണ്. അൽവാരോ നെയ്മറുടെ ആരോപണത്തെ തള്ളികളഞ്ഞിരുന്നു. താൻ വംശീയമായി അധിക്ഷേപിച്ചിട്ടില്ല എന്നതിൽ താരം ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ നെയ്മർ ഇൻസ്റ്റാഗ്രാം വഴി വലിയൊരു കുറിപ്പ് തന്നെ പുറത്തു വിട്ടിരുന്നു. താനും തന്റെ അച്ഛനും കറുത്തവർഗക്കാരനാണെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നുമാണ് നെയ്മർ അറിയിച്ചത്. ഏതായാലും കൂടുതൽ വിവരങ്ങൾ ഇന്നത്തെ യോഗത്തിന് ശേഷം പുറത്തു വരും.

Leave a Reply

Your email address will not be published. Required fields are marked *