റയലിനെ തടയണം,ഫ്രഞ്ചുകാരെ ടീമിൽ നിറക്കാൻ PSG!

നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അതിനോട് നീതി പുലർത്തുന്ന രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ടീമിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.

ഫ്രഞ്ചുകാരായ നിരവധി സൂപ്പർതാരങ്ങളെ എത്തിക്കുന്നതിൽ റയൽ മാഡ്രിഡ് സമീപകാലത്ത് മിടുക്ക് കാണിക്കുന്നുണ്ട്.കരിം ബെൻസിമ,കമവിങ്ക,ഷുവാമെനി എന്നിവരൊക്കെ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരങ്ങളാണ്. അതിനെ തടയിടാനും ഫ്രാൻസിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാനുമാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.അത്തരത്തിലുള്ള ചില താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

നീസിന്റെ 22 കാരനായ മിഡ്‌ഫീൽഡർ കെഫ്രൻ തുറാമിനെ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. ഫ്രഞ്ച് ഇതിഹാസമായ ലിലിയൻ തുറാമിന്റെ മകനും സൂപ്പർ താരമായ മാർക്കസ് തുറാമിന്റെ സഹോദരനുമാണ് കെഫ്രൻ തുറാം. ജർമ്മൻ ക്ലബ്ബായ ബോറൂസിയ മോൺഷെൻഗ്ലാഡ്ബാഷിന്റെ യുവ സൂപ്പർതാരമായ മാനു കോനുവിനെ പിഎസ്ജി ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മറ്റൊരു ഫ്രഞ്ച് സൂപ്പർതാരമായ കോലോ മുവാനിയും ഫ്രാൻസിന്റെ റഡാറിൽ ഉള്ള താരമാണ്.

ഫ്രാങ്ക്‌ഫർട്ടിന്റെ താരമാണ് മുവാനി.19 ഗോളുകളും 14 അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം നേടി കഴിഞ്ഞു. കൂടാതെ ബയേർ ലെവർകൂസന്റെ മൗസ ഡിയാ ബിയെ കൂടി പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്. ചുരുക്കത്തിൽ ഈ നാല് ഫ്രഞ്ച് താരങ്ങളെയാണ് ഇപ്പോൾ ഈ ഫ്രഞ്ച് ക്ലബ്ബിന് ആവശ്യമുള്ളത്.പക്ഷേ സാമ്പത്തിക നിയന്ത്രണങ്ങൾ അവർക്ക് ഒരു തടസ്സം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *