മെസ്സിയോടും നെയ്മറോടും അക്കാര്യം ആവശ്യപ്പെട്ടത് ഖലീഫി, വെളിപ്പെടുത്തൽ!
ലീഗ് വണ്ണിൽ ഈ മാസം നടന്ന മത്സരത്തിൽ പിഎസ്ജി മൊണാക്കോയോട് ഒരു ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടത്. അതിനുശേഷം പിഎസ്ജി ആരാധകരെ സമീപിക്കാൻ ടീമിന്റെ ക്യാപ്റ്റനായ മാർക്കിഞ്ഞോസ് വിസമ്മതിച്ചിരുന്നു. പിന്നീട് മറ്റൊരു സൂപ്പർതാരമായ പ്രിസണൽ കിമ്പമ്പേയാണ് ആരാധകരോട് സംസാരിച്ചതും ക്ഷമ ചോദിച്ചതുമൊക്കെ.
പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസും താരങ്ങളും തമ്മിലുള്ള ബന്ധം തകർന്നു നിൽക്കുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണിനോട് പരാജയപ്പെട്ടിട്ട് പോലും പിഎസ്ജി താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.മാത്രമല്ല അതിൽ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയ കാര്യം, ഒരു വലിയ ഇടവേളക്ക് ശേഷം മെസ്സിയും നെയ്മറും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു എന്നുള്ളതായിരുന്നു.
PSG president Nasser Al Khelaifi recently convinced Lionel Messi and Neymar to go thank ultras at the end of games to improve relationship with fans. (LP)https://t.co/syk9ieO3Rl
— Get French Football News (@GFFN) February 23, 2023
കഴിഞ്ഞ സീസണിൽ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നെയ്മറെയും മെസ്സിയെയും പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു.അതിനുശേഷം ആയിരുന്നു ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചിരുന്നത്.പിന്നീട് ബയേണിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിന് ശേഷമാണ് അത് പുനരാരംഭിച്ചത്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചത് പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയാണ് എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പുറത്ത് വിട്ടിട്ടുണ്ട്.
ഇതേക്കുറിച്ച് മെസ്സിയോടും നെയ്മറോടും ഖലീഫി സംസാരിക്കുകയും അവരെ കൺവിൻസ് ചെയ്യിക്കുകയുമായിരുന്നു. മാത്രമല്ല ക്ലബ്ബിലെ എല്ലാ താരങ്ങളോടും ആരാധകരുമായുള്ള ബന്ധം സുദൃഢമാക്കാനും പിഎസ്ജി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലില്ലിയെ പരാജയപ്പെടുത്തി കൊണ്ട് വിജയവഴിയിലേക്ക് തിരിച്ചെത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഇനി മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളികൾ.