മെസ്സിയെ പിൻവലിച്ചതിലുള്ള വിവാദം, കൂടുതൽ വിശദീകരണം നൽകി പോച്ചെട്ടിനോ!

കഴിഞ്ഞ ലിയോണിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പോച്ചെട്ടിനോ പിൻവലിച്ചതും താരം പരിശീലകന് കൈ നൽകാതെ നടന്നകന്നതുമെല്ലാം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമായിരുന്നു. എന്നാൽ പരിക്ക് ഭയന്നാണ് മെസ്സിയെ പിൻവലിച്ചത് എന്ന കാര്യം പോച്ചെട്ടിനോ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മെസ്സിയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റിരിക്കുന്നുവെന്നും താരം മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ ഉണ്ടാവില്ല എന്നുള്ള കാര്യവും പിഎസ്ജി സ്ഥിരീകരിച്ചിരുന്നു.

ഏതായാലും മെസ്സിയെ പിൻവലിച്ചതിലുള്ള കൂടുതൽ വിശദീകരണങ്ങൾ പരിശീലകനായ പോച്ചെട്ടിനോ നൽകിയിട്ടുണ്ട്. മത്സരത്തിനിടെ മെസ്സി തന്റെ കാൽമുട്ട് പരിശോധിക്കുന്നത് തങ്ങൾ കണ്ടതായും അതിനാലാണ് പിൻവലിച്ചത് എന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.

” അദ്ദേഹത്തിന്റെ അവസ്ഥകളെ കുറിച്ച് ക്ലബ് ആശയവിനിമയം നടത്തി കഴിഞ്ഞു.സാഹചര്യം വ്യക്തമാണ്.ബെഞ്ചിൽ ഇരിക്കുന്നവർ എല്ലാം മത്സരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്.മെസ്സി തന്റെ കാൽമുട്ട് പരിശോധിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.ഒരു ഷോട്ടിന് ശേഷമാണ് അദ്ദേഹത്തിന് അങ്ങനെ സംഭവിച്ചത്.ആദ്യപകുതിയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിലും കണ്ടീഷനിലും ഞങ്ങൾ ഹാപ്പിയാണ്.പക്ഷേ ഗോൾ മാത്രമാണ് അകന്ന് നിന്നത്.75 മിനുട്ട് അദ്ദേഹം കളിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ അസ്വസ്ഥതകൾ ഞങ്ങൾ ശ്രദ്ദിച്ചത്. അത്കൊണ്ട് തന്നെ മെസ്സിയെ പിൻവലിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു ” പോച്ചെട്ടിനോ പറഞ്ഞു.

ലീഗ് വണ്ണിലെ ഏഴാം റൗണ്ട് പോരാട്ടത്തിലാണ് പിഎസ്ജി മെറ്റ്സിനെ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *