മെസ്സിയെയും നെയ്മറെയും മാത്രം ക്രൂശിക്കുന്നതിൽ അർത്ഥമില്ല,പിഴവ് എല്ലാവരുടെതും : കിപ്പമ്പേ

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ബോർഡെക്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ എംബപ്പേ,നെയ്മർ,പരേഡസ് എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ മത്സരത്തിനിടെ നെയ്മർക്കും മെസ്സിക്കും മോശം അനുഭവങ്ങളായിരുന്നു നേരിടേണ്ടിവന്നത്.ഇരുവർക്കും പന്ത് ലഭിക്കുന്ന സമയത്തൊക്കെ പിഎസ്ജി ആരാധകർ കൂവി വിളിക്കുകയായിരുന്നു.

ഏതായാലും ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായമിപ്പോൾ പിഎസ്ജിയുടെ പ്രതിരോധനിര താരമായ പ്രിസണൽ കിപ്പമ്പേ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സിയെയും നെയ്മറേയും മാത്രം ക്രൂശിക്കുന്നതിൽ അർത്ഥമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഴവ് എല്ലാവരുടേതുമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നലത്തെ മത്സരത്തിനു ശേഷം ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുകയായിരുന്നു താരം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.



” ഞങ്ങൾ മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെങ്കിൽ പോലും ഞങ്ങൾക്ക് ഈ കൂവലുകൾ കേൾക്കാമായിരുന്നു. അവരുടെ നിരാശ ഞങ്ങൾക്ക് മനസ്സിലാവും. അവരുടെ വെറുപ്പും ഞങ്ങൾക്ക് മനസ്സിലാവും. പക്ഷേ ഞങ്ങൾ പ്രൊഫഷണലുകളാണ്. എങ്ങനെ നിലകൊള്ളണം എന്നുള്ളത് ഞങ്ങൾക്കറിയാം. ഞങ്ങൾ തല ഉയർത്തി കൊണ്ട് ലീഗ് വണ്ണിൽ മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. കിരീടം നേടുകയും വേണം. പിഴവ് ഒരാളുടേത് മാത്രമല്ല, എല്ലാവരുടെയും കൂടിയാണ്.മെസ്സിയെയും നെയ്മറെയും ക്രൂശിക്കുന്നതിൽ അർത്ഥമില്ല.ഞങ്ങൾ ഒരു ടീമാണ്. നല്ല സമയത്തും മോശം സമയത്തും ഒരുമിച്ച് നിൽക്കണം. ഞങ്ങൾ കൂടുതൽ കരുത്തരാണ് എന്ന് തെളിയിക്കേണ്ട ഒരു സമയമാണിത്. പക്ഷേ അത് ബുദ്ധിമുട്ടാണെന്നറിയാം ” ഇതാണ് കിപ്പമ്പേ പറഞ്ഞിട്ടുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ മത്സരത്തിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ആരാധകരെ രോഷാകുലരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *