മെസ്സിയുടെ പകരക്കാരനായി കൊണ്ട് പോർച്ചുഗീസ് സൂപ്പർതാരത്തെ എത്തിക്കാൻ PSG!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് വിട പറയാനുള്ള ഒരുക്കത്തിലാണ്. ഈ സീസണിന് ശേഷം ക്ലബ്ബിൽ തുടരേണ്ടതില്ല എന്ന നിലപാട് നേരത്തെ തന്നെ ലയണൽ മെസ്സി എടുത്തിട്ടുണ്ട്. മെസ്സിയെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും മെസ്സി സമ്മതിക്കാതിരിക്കുകയായിരുന്നു. അതിന്റെ പരിണിതഫലമായി കൊണ്ടാണ് മെസ്സിക്ക് പിഎസ്ജി വിലക്ക് ഏർപ്പെടുത്തിയത് എന്ന രൂപത്തിലുള്ള കിംവദന്തികൾ പ്രചരിച്ചിരുന്നു.

ഏതായാലും മെസ്സി ക്ലബ്ബ് വിടും എന്ന് ഉറപ്പായ സ്ഥിതിക്ക് ഒരു മികച്ച താരത്തെ മുന്നേറ്റ നിരയിലേക്ക് പിഎസ്ജിക്ക് ആവശ്യമുണ്ട്. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറെയാണ് പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ് ഏറ്റവും കൂടുതൽ താല്പര്യപ്പെടുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയെ എത്തിക്കാനാണ്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണുകളിലും പിഎസ്ജി ബെർണാഡോ സിൽവയെ ലക്ഷ്യമിട്ടിരുന്നു.ഒരുതവണ താരവുമായി പേഴ്സണൽ എഗ്രിമെന്റിൽ എത്താൻ വരെ പിഎസ്ജിക്ക് സാധിച്ചിരുന്നു.എന്നാൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ കാരണം നടക്കാതെ പോവുകയായിരുന്നു. മുമ്പ് മൊണാക്കോയിൽ ഒരുമിച്ച് കളിച്ചവരാണ് കിലിയൻ എംബപ്പേയും സിൽവയും. അതുകൊണ്ടുതന്നെ എംബപ്പേക്കും ഈ പോർച്ചുഗീസ് താരത്തിൽ താല്പര്യമുണ്ട്.

പക്ഷേ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഈ പ്രധാനപ്പെട്ട താരത്തെ കൈവിടുമോ എന്നത് മറ്റൊരു ചോദ്യമാണ്.സിൽവയെ ലഭിക്കാൻ വേണ്ടി നെയ്മറെ കൈമാറാൻ പോലും പിഎസ്ജി തയ്യാറാണ് എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 33 മത്സരങ്ങൾ കളിച്ചതാരം നാല് ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സിറ്റിയുടെ ഈ സീസണിലെ മികവാർന്ന പ്രകടനത്തിൽ വലിയ പങ്കുവഹിക്കാൻ സിൽവക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന് സിറ്റി വിട്ട് പുറത്ത് വരാൻ താല്പര്യമുണ്ടെങ്കിലും സിറ്റിയുടെ തീരുമാനം എന്തായിരിക്കും എന്നതാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *