മെസ്സിയുടെ ആ ഉപദേശം ഗോളുകൾ നേടാൻ തുണച്ചു : തുറന്ന് പറഞ്ഞ് വെറാറ്റി!
കഴിഞ്ഞ മാസം അവസാനത്തിൽ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി റെയിംസിനെ പരാജയപ്പെടുത്തിയത്.ആ മത്സരത്തിൽ മധ്യനിര താരമായ മാർക്കോ വെറാറ്റി ഇരട്ട ഗോളുകൾ നേടിയിരുന്നു.ഒരു ഗോൾ സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു.
ഏതായാലും ആ രണ്ടു ഗോളുകൾ പിറക്കാനുള്ള കാരണം മെസ്സിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണി പ്പോൾ വെറാറ്റി. മത്സരത്തിൽ ഷോട്ടുകൾ എടുക്കാൻ മെസ്സിയാണ് തന്നെ നിർബന്ധിച്ചതെന്നും അത് വഴിയാണ് ഗോളുകൾ നേടാൻ സാധിച്ചത് എന്നുമാണ് വെറാറ്റി പറഞ്ഞിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Verratti Reveals the Advice Received from Messi Ahead of PSG’s Ligue 1 Fixture Against Reims https://t.co/OgaKBqkB9g
— PSG Talk (@PSGTalk) February 8, 2022
” റെയിംസിനെതിരെയുള്ള മത്സരത്തിൽ ഞാൻ രണ്ട് ഗോളുകൾ നേടിയിരുന്നു. ആ മത്സരത്തിന്റെ തൊട്ടുമുമ്പത്തെ ദിവസം മെസ്സി എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു,നീ നാളെത്തെ മത്സരത്തിൽ ഷോട്ടുകൾ എടുക്കുമെന്ന് എന്നോട് സത്യം ചെയ്യൂ, നിനക്ക് അതുവഴി ഗോളുകൾ നേടാനാവും.ഞാൻ പരിശീലനത്തിനിടെ ഷോട്ടുകൾ ഉതിർക്കുകയും ഗോളുകൾ നേടുകയും ചെയ്തിരുന്നു.ഇതുകൊണ്ടാണ് മെസ്സി എന്നോട് അങ്ങനെ പറഞ്ഞത്. അതുകൊണ്ടുതന്നെ ഞാൻ ഷോട്ടുകൾ എടുക്കുകയും ഗോളുകൾ നേടുകയും ചെയ്തു.പക്ഷെ എന്റെ രീതി വേറെയാണ് ” ഇതാണ് വെറാറ്റി പറഞ്ഞത്.
മറ്റുള്ള മധ്യനിര താരങ്ങളെ അപേക്ഷിച്ച് ഷോട്ടുകൾ ഉതിർക്കാൻ വളരെയധികം മടികാണിക്കുന്ന ഒരു താരമാണ് വെറാറ്റി.13 ലീഗ് മൽസരങ്ങളിൽ ശരാശരി ഓരോ മത്സരത്തിലും 0.4 ഷോട്ടുകൾ വീതമാണ് വെറാറ്റി എടുത്തിട്ടുള്ളത്.കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിൽ വെറാറ്റി ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.