മെസ്സിക്ക് പിഎസ്ജിയിൽ തിളങ്ങാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നെയ്മർ!

എഫ്സി ബാർസലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ആദ്യ സീസണിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ആകെ 11 ഗോളുകൾ മാത്രമാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്. ബാഴ്സയിൽ തിളങ്ങിയ മെസ്സി- നെയ്മർ കൂട്ടുകെട്ട് പിഎസ്ജിയിൽ ഫലം കാണാതെ പോകുന്നതും ആരാധകർക്ക് കാണേണ്ടി വന്നു.

ഏതായാലും മെസ്സിക്ക് പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കഴിയാത്ത കാരണമിപ്പോൾ വ്യക്തമായി കൊണ്ട് സൂപ്പർ താരം നെയ്മർ ജൂനിയർ വിശദീകരിച്ചിട്ടുണ്ട്. മെസ്സിയുടെ പരിതസ്ഥിതി എല്ലാം തന്നെ മാറി മറിഞ്ഞതാണ് ഇതിന് കാരണമായി കൊണ്ട് നെയ്മർ ജൂനിയർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു നെയ്മർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ഒരുപാട് വർഷം ബാഴ്സലോണയിൽ ചിലവഴിച്ചതാണ്. അതുകൊണ്ടുതന്നെ അഡാപ്റ്റാവുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ടീമും നഗരവും മാറുക എന്നുള്ളത് കഠിനമായ ഒരു കാര്യമാണ്. മാത്രമല്ല മെസ്സി ഒറ്റക്കല്ല ഇങ്ങോട്ട് വന്നത്, അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. കൂടാതെ ഇവിടെ ഭാഷയും വ്യത്യസ്തമാണ്. ഒരുപാട് കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ ഇവിടെയുണ്ട്. മാത്രമല്ല ടീമിന്റെ കളി ശൈലിയിലും മാറ്റമുണ്ട്. മെസ്സി കളിക്കുന്ന രീതി മനസ്സിലാവാത്ത താരങ്ങളോടൊപ്പമാണ് അദ്ദേഹം കളിക്കുന്നത്. ഇതെല്ലാം അദ്ദേഹത്തിന് തടസ്സമായിരുന്നു. ഞാനും മെസ്സിയും എംബപ്പേയുമെല്ലാം സ്വയം പ്രകടനങ്ങൾ വിലയിരുത്തുന്നവരാണ്. കണക്കുകളും കിരീടങ്ങളുമെല്ലാം ഞങ്ങൾ വിലയിരുത്താറുണ്ട്. ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെ ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഞങ്ങൾ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കാറുള്ളത് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

ഏതായാലും അടുത്ത സീസണിലും മെസ്സി-നെയ്മർ- എംബപ്പേ കൂട്ടുകെട്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്.ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നെയ്മർ തന്നെ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *