മെസ്സിക്ക് കാര്യങ്ങൾ എളുപ്പമല്ല,ഇത്‌ 16 വർഷത്തെ ഏറ്റവും മോശം തുടക്കം!

കഴിഞ്ഞ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ഒളിമ്പിക് മാഴ്സെയോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും താരത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ഇതോടെ ലീഗ് വണ്ണിലെ മെസ്സിയുടെ ആദ്യഗോളിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.

ലീഗ് വണ്ണിൽ ഇതുവരെ മെസ്സി നാല് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. എന്നാൽ ഒരൊറ്റ ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല.ഇത്‌ മെസ്സിയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്തെന്നാൽ 16 വർഷത്തിന് ശേഷമുള്ള ഏറ്റവും മോശം തുടക്കമാണ് മെസ്സിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്.

2005/2006 സീസണിലാണ് മെസ്സി ഇതിന് മുമ്പ് ഇതേ രീതിയിലുള്ള ഗോൾ വരൾച്ച നേരിട്ടത്. അന്ന് ആ സീസണിലെ അഞ്ച് മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് മെസ്സിക്ക് ലീഗിൽ ഒരു ഗോൾ നേടാൻ സാധിച്ചത്. അതിന് ശേഷം ഇതാദ്യമായാണ് മെസ്സി സീസണിന്റെ തുടക്കത്തിൽ ലീഗിൽ നാല് മത്സരങ്ങളിൽ ഗോൾ നേടാനാവാതെ പോവുന്നത്.

പക്ഷെ പിഎസ്ജിക്ക് വേണ്ടി മെസ്സി മൂന്ന് ഗോളുകൾ നേടി എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. മൂന്ന് ഗോളുകളും ചാമ്പ്യൻസ് ലീഗിലായിരുന്നു പിറന്നിരുന്നത്. മാഞ്ചസ്റ്റർ സിറ്റി, ലീപ്സിഗ് എന്നിവർക്കെതിരെയാണ് മെസ്സിയുടെ ഗോൾ പിറന്നിരുന്നത്.ഇനി ലില്ലിക്കെതിരെയുള്ള മത്സരത്തിലെങ്കിലും മെസ്സിയുടെ കന്നി ലീഗ് വൺ ഗോൾ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *