മെസ്സി,എംബപ്പേ എന്നിവരെക്കാൾ കൂടുതൽ ആ മേഖലയിൽ പിഎസ്ജിക്ക് സഹായകരമാവുന്നത് നെയ്മർ: മുൻ ഫ്രഞ്ച് താരം പറയുന്നു.

ഒരു അസാധാരണമായ തുടക്കമാണ് ഈ സീസണിൽ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ലഭിച്ചിട്ടുള്ളത്. സീസണിലെ ആദ്യ 11 മത്സരങ്ങളിൽ നിന്ന് തന്നെ 19 ഗോൾ പങ്കാളിത്തങ്ങൾ നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. 11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് നെയ്മർ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ബ്രസീൽ ടീമിനൊപ്പമാണ് ഈ സൂപ്പർതാരം ഉള്ളത്.

എന്തായാലും താരത്തിന്റെ ഡിഫൻസീവ് ക്വാളിറ്റിയെ പ്രശംസിച്ചുകൊണ്ട് മുൻ ഫ്രഞ്ച് താരമായ ബിക്സന്റെ ലിസറാസു ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,എംബപ്പേ എന്നിവരെക്കാൾ കൂടുതൽ പിഎസ്ജിയെ ഡിഫൻസിൽ സഹായിക്കാൻ നെയ്മർക്ക് കഴിയുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. മാത്രമല്ല നിലവിൽ ഉള്ളതിനേക്കാൾ മികച്ച രൂപത്തിൽ ഡിഫന്റ് ചെയ്യാൻ നെയ്മർക്ക് കഴിയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലിസറാസുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി,എംബപ്പേ എന്നിവരെക്കാൾ കൂടുതൽ ഡിഫൻഡ് ചെയ്യുന്നത് നെയ്മറാണ്. മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തോട് ഡിഫൻഡ് ചെയ്യാൻ നമ്മൾ ആവശ്യപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല.കാരണം അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കണം. നെയ്മർക്ക് ഡിഫൻഡ് ചെയ്യാനുള്ള ശാരീരിക കരുത്ത് നന്നായുണ്ട്.ലോവർ പൊസിഷനിൽ നിന്നുകൊണ്ട് അദ്ദേഹത്തിന് ഡിഫൻസിനെ സഹായിക്കാൻ വേണ്ടി എത്താൻ സാധിക്കും. യൂറോപ്പിലെ വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ എല്ലാവരും ഡിഫൻഡ് ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. ലീഗ് വണ്ണിലാണെങ്കിൽ കുഴപ്പമില്ല. പക്ഷേ ചാമ്പ്യൻസ് ലീഗിൽ എല്ലാവരും ഡിഫൻഡ് ചെയ്യണം. അല്ലാത്തപക്ഷം ഒരു താരത്തെ പുറത്തിരുത്തി രണ്ട് സൂപ്പർതാരങ്ങളെ മുന്നേറ്റ നിരയിൽ കളിപ്പിക്കുന്നതാണ് പിഎസ്ജിക്ക് ഉത്തമം ” ഇതാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം അറിഞ്ഞിട്ടില്ല.ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാർ പിഎസ്ജിയാണ്.മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളും വിജയിച്ച പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *