ബെസ്റ്റ് ഫിനിഷർ മെസ്സി,ബെസ്റ്റ് ഡ്രിബ്ലർ നെയ്മർ : വിശദീകരിച്ച് ഗുയെ

നിലവിൽ മികച്ച ഫോമിലാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അടിച്ചു കൂട്ടാൻ പിഎസ്ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകൾ ക്ലബ്ബിന് ലഭിച്ചു കഴിഞ്ഞു.

ഏതായാലും പിഎസ്ജിയുടെ മധ്യനിര താരമായ ഇദ്രിസെ ഗുയെ കഴിഞ്ഞ ദിവസം കാറെ എന്ന മാധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. തന്റെ സഹതാരങ്ങളെ കുറിച്ച് നിരവധി കാര്യങ്ങൾ അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.പിഎസ്ജിയിലെ ബെസ്റ്റ് ഫിനിഷർ മെസ്സിയാണെന്നും ബെസ്റ്റ് ഡ്രിബ്ലർ നെയ്മറാണെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.ഗുയെ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ടീമിലെ ബെസ്റ്റ് ഫിനിഷർ മെസ്സിയാണ്.അത്ഭുതപ്പെടുത്തുന്ന താരമാണ് അദ്ദേഹം.അദ്ദേഹം ഷോട്ട് എടുക്കുകയല്ല ചെയ്യുക.മറിച്ച് ഗോളിലേക്ക് പാസ് ചെയ്യും.ടീമിലെ ബെസ്റ്റ് ഡ്രിബ്ലർ,അത് നെയ്മറാണ്.അദ്ദേഹം വളരെ കരുത്തനാണ്. നെയ്മർ മനസ്സുവെച്ചാൽ അദ്ദേഹത്തിന്റെ കാലുകളിൽ നിന്നും പന്ത് റാഞ്ചിയെടുക്കാൻ സാധിക്കില്ല. പരിശീലനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം എന്നുള്ളത് കിമ്പമ്പേയെയും ഡയാലോയെയും നേരിടുക എന്നുള്ളതാണ്. ഏറ്റവും തമാശക്കാരനായ വ്യക്തി ഡ്രാക്സ്ലറാണ്. ഏറ്റവും പ്രൊഫഷണലായ താരം ഡി മരിയയാണ്. പരിശീലനത്തിന് ഏറ്റവും ആദ്യമെത്തി അവസാനം പോകുന്നത് അദ്ദേഹമായിരിക്കും ” ഇതാണ് ഗുയെ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 21 മത്സരങ്ങളാണ് ലീഗ് വണ്ണിൽ ഇദ്രിസ ഗുയെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *